
കോതമംഗലം: ദക്ഷിണേന്ത്യയുടെ വായന ശീലത്തിന് പുതു മാനങ്ങള്‍ നല്കിയ മംഗളം പ്രസാധക സ്ഥാപനത്തിന്റെ 55-ാം വാര്‍ഷിക ആഘോഷം ഇന്ന് കോതമംഗലത്ത്. മംഗളം നടത്തിയ ഏറ്റവും വലിയ സാമൂഹിക ഇടപെടലായ സമൂഹ വിവാഹം ഉള്‍പ്പെടെയുള്ളവയ്ക്ക് വേദിയായ കോതമംഗലത്ത് വാര്‍ഷികാഘോഷ ഒരുക്കം പൂര്‍ത്തിയായി.
മാര്‍ തോമ ചെറിയ പള്ളി വക മാര്‍ ബേസില്‍ കണ്വന്ഷന് സെന്ററില്‍ വൈകിട്ട് 5.30 ന് ആഘോഷങ്ങള്‍ക്ക് തിരി തെളിയും. മന്ത്രിമാരായ പി. രാജീവ്, റോഷി അഗസ്റ്റിന് എന്നിവര്‍ മുഖ്യാതിഥികളാകും. മംഗളം മാനേജിങ് ഡയറക്ടര്‍ സാജന് വര്‍ഗീസ് അധ്യക്ഷത വഹിക്കും. എം.എല്‍.എ. മാരായ ആന്റണി ജോണ്‍, മാത്യു കുഴല്നാടന്, മുനിസിപ്പല്‍ ചെയര്മാന് കെ.കെ. ടോമി, മംഗളം എക്സിക്യൂട്ടീവ് ഡയറക്ടര്‍ വര്‍ഗീസ് സാജന്, സി.ജി.എം. അഷിം ജോണ്‍ മണ്ണത്തൂകാരന്‍ എന്നിവര്‍ പ്രസംഗിക്കും.
സാഹിത്യകാരന് പി.എഫ്. മാത്യൂസ്, അനുകരണ കലയിലെ താരം മഹേഷ് കുഞ്ഞുമോന്, മികച്ച മുനിസിപ്പല്‍ ചെയര്മാന് പി.പി. എല്‍ദോസ്, കാരുണ്യ പ്രവര്‍ത്തന രംഗത്തെ മികവിന് പീസ് വാലി, ഡോ. കെ.വി. സുഭാഷ് ത്രന്തി ഗുരുനാഥന്, ആയുര്‍വേദ രംഗത്തെ ആചാര്യന് സി.ആര്. രാജന് വൈദ്യര്, വിദേശ വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങള്‍ക്ക് ഡോ. ലക്ഷ്മി - സ്വാദിന്, സാമൂഹ്യ പ്രവര്‍ത്തന മേഖലയിലെ മാതൃകയായ കുറുപ്പംപടി സെന്റ് കുര്യാക്കോസ് കോളജ് എന്‍.എസ്.എസ്. യൂണിറ്റ്, ടൂറിസം മേഖലയിലെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നക്ഷത്ര ടൂറിസം കമ്പനി സി.ഇ.ഒ. എസ്.എം. കണ്ണശേഖരന് എന്നിവരെ ആദരിക്കും.
ജോര്‍ജിയന്‍ അപ്പാരലല്സ് (അഹറോന്), ഇന്ദിരാഗാന്ധി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്, ആഹാര, പേരാമംഗലം നാഗരാജ ക്ഷേത്രം, പെരുമ്പാവൂര്‍ ലൂക്ക് മെമ്മോറിയല്‍ സ്കൂള്‍, ബ്രിസ്റ്റോള്‍, നക്ഷത്ര ഗോള്‍ഡ് ആന്റ് ഡയമണ്ട്സ്, അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റല്‍, ഇ.സി. പ്രൊഡക്ട്സ് എന്നിവരാണ് പരിപാടിയുടെ പ്രായോജകര്‍. ആഘോഷത്തിന് ഉത്സവ ഛായ പകര്‍ന്ന് സുധീര്‍ പറവൂര്‍, ലക്ഷ്മി ജയന് തുടങ്ങിയവര്‍ നയിക്കുന്ന വോയ്സ് ഓഫ് കൊച്ചി അവതരിപ്പിക്കുന്ന മെഗാ ഷോ നടക്കും. സൗജന്യ പാസുകള്‍ക്ക് മംഗളം ദിനപത്രത്തിന്റെ ഓഫീസുകളുമായി ബന്ധപ്പെടണം.
സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് പി.എഫ്. മാത്യൂസ്
കോതമംഗലംഃ മുന്നു പതിറ്റാണ്ടായി മലയാള സാഹിത്യ സിനിമ മേഖലയില്‍ തന്റേതായ പ്രതിഭ തെളിയിച്ച കൊച്ചിയുടെ സ്വന്തം കഥാകാരനാണ് പി.എഫ്. മാത്യൂസ്. മലയാള ചെറുകഥാ സാഹിത്യത്തില്‍ ആധുനികതയുടെ അടയാളങ്ങള്‍ പതിപ്പിച്ച രണ്ടാം തലമുറയിലെ ഏറ്റവും ശ്രദ്ധേയനായ എഴുത്തുകാരനാണ് മാത്യൂസ്. ഈ. മ. യൗ., കുട്ടിസ്രാങ്ക്, അതിരന് തുടങ്ങിയ ശ്രദ്ധേയ ചലച്ചിത്രങ്ങളുടെ തിരക്കഥ ഇദ്ദേഹത്തിന്റേതാണ്.
പ്രേക്ഷകര്‍ ഏറ്റുവാങ്ങിയ നിരവധി ടെലിവിഷന്‍ പരമ്പരകളുടെ എഴുത്തുകാരന്. മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും തിരക്കഥയ്ക്കുള്ള ദേശീയ അംഗീകാരവും നേടിയിട്ടുള്ള പി.എഫ്. മാത്യൂസ് ചലച്ചിത്ര രചനക്കുള്ള ദേശീയ അവാര്‍ഡു ജേതവുമാണ്.
അനുകരണ കലയിലെ മിന്നും താരം മഹേഷ് കുഞ്ഞുമോന്
കോതമംഗലംഃ അനുകരണ കലാരംഗത്ത് ശബ്ദ വിന്യാസം കൊണ്ട് വിസ്മയം തീര്‍ക്കുന്ന പുതു തലമുറയിലെ ശ്രദ്ധേയ കലാകാരനാണ് മഹേഷ് കുഞ്ഞുമോന്. എറണാകുളം ജില്ലയിലെ തിരുവാണിയൂര്‍ സ്വദേശിയായ മഹേഷ് കുഞ്ഞുമോന് ശബ്ദാനുകരണ കലയില്‍ ഏറ്റവും പുതിയ പരീക്ഷണങ്ങള്‍ നടത്തി സമൂഹ മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ച പ്രതിഭയാണ്.
മിമിക്രി താരമായും ഡബിങ് കലാകാരനായും ചുരുങ്ങിയ നാളുകള്‍ കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. കമലാഹാസന്, വിജയ് സേതുപതി ഉള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ താരങ്ങള്‍ക്ക് മലയാളത്തില്‍ ശബ്ദം നല്കി സിനിമയിലും സാന്നിധ്യമറിയിച്ചു. ടെലിവിഷന്‍ പരിപാടികളിലെ ഹാസ്യ പരമ്പരകളിലൂടെ ശ്രദ്ധേയനായ മഹേഷ് അപ്രതീക്ഷിതമായ ഒരു അപകടത്തെ തുടര്‍ന്ന് അല്‍പ്പ കാലം കലാ രംഗത്തുനിന്ന് വിട്ടു നിന്ന ശേഷം ശക്തമായി തിരിച്ചു വരവിലാണ്. ഇനിയും ഈ രംഗത്ത് ഏറെ ദൂരം മുന്നോട്ട് പോകാന്‍ ഈ യുവ കലാകാരന് കഴിയും.
പി.പി. എല്‍ദോസ് മികച്ച നഗരസഭ ചെയര്മാന്
കോതമംഗലം ജീവകാരുണ്യ സാമൂഹിക സേവന രംഗത്ത് നിറഞ്ഞുനില്ക്കുന്ന രാഷ്ട്രീയ നേതാവ് മികച്ച ഭരണാധികാരി ശ്രദ്ധേയനായ സഹകാരി വിശേഷണങ്ങള്‍ ഏറെ നല്‍കാം മികച്ച നഗരസഭ ചെയര്മാന് ഉള്ള അവാര്‍ഡിന് അര്‍ഹനായ മൂവാറ്റുപുഴ നഗരസഭ ചെയര്മാന് പി.പി. എല്‍ദോസിന്.
കേരളത്തെ പിടിച്ചു കുലുക്കിയ മഹാ പ്രളയ കാലത്തു ലോകം നിശ്ചലമാക്കിയ കോവിഡ് മഹാമാരി കാലത്തും എല്‍ദോസ് നടത്തിയ പ്രവര്‍ത്തനം ആയിരങ്ങള്‍ക്ക് ആശ്വാസകരം ആയിരുന്നു. താമസിക്കുന്ന പ്രദേശത്തെ രണ്ടു വാര്‍ഡുകളിലും അന്ന് ജന പ്രതിനിധി അല്ലാതിരുന്നിട്ടും മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭക്ഷ്യ വസ്തുക്കളും ആവശ്യ മരുന്നും എത്തിക്കുന്നതിന് അദ്ദേഹത്തിന് കഴിഞ്ഞു. മൂവാറ്റുപുഴ നഗരസഭ ചെയര്മാന് എന്ന നിലയില്‍ പിന്നിട്ട മൂന്ന് വര്‍ഷങ്ങളില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.
ശുചിത്വ നഗരം സുന്ദര നഗരം എന്ന സന്ദേശമുയര്‍ത്തി മാലിന്യ നിര്‍മ്മാര്‍ജന രംഗത്ത് ശ്രദ്ധേയ പ്രവര്‍ത്തനം നടത്തിവരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് ഫണ്ട് കണ്ടെത്തി വിനോദ സഞ്ചാര വികസനം ലക്ഷ്യമിട്ട് ടൂറിസം പദ്ധതികള്‍ക്ക് രൂപംനല്കി. 1982 ല്‍ കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റായി രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ച പി.പി. എല്‍ദോസ് താലൂക്ക് സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം, ബ്ലോക്ക് പ്രസിഡന്റ്, ജില്ല വൈസ് പ്രസിഡന്റ്, ഐ.എന്‍.ടി.യു.സി. ജില്ല സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
നിലവില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എറണാകുളം ജില്ല ജനറല്‍ സെക്രട്ടറിയാണ്. മൂന്ന് തവണ മൂവാറ്റുപുഴ നഗരസഭ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടു. കടാതി റൂറല്‍ സഹകരണ ബാങ്കിന്റെ സ്ഥാപക പ്രസിഡന്റാണ്. ഒന്നര പതിറ്റാണ്ടായി ഈ സ്ഥാനത്ത് തുടരുന്നു. മൂവാറ്റുപുഴ താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന് അംഗമാണ്. യാക്കോബായ സഭ മാനേജിങ് കമ്മിറ്റി മെമ്പറായി പ്രവര്‍ത്തിച്ചുവരുന്നു. പത്ര പ്രവര്ത്തകന്, മൂവാറ്റുപുഴ പ്രസ് ക്ലബ് പ്രസിഡന്റ് എന്നീ നിലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തി.
കടാതി പുല്‍പ്പറമ്പില്‍ പരേതനായ പൈലി - മേരി ദമ്പതികളുടെ മകനാണ് പി.പി. എല്‍ദോസ്. മൂവാറ്റുപുഴ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരി കടാതി മറുതലയില്‍ ഷിബിയാണ് ഭാര്യ. ബേസില്‍ (കാനഡ), മൂവാറ്റുപുഴ എസ്.എന്‍.ഡി.പി. ബി എഡ് കോളജ് വിദ്യാര്‍ഥിനി മരിയ എന്നിവര്‍ മക്കളാണ്.