
ഓൺലൈൻ ഗെയിമിലൂടെ ഉണ്ടായ ലക്ഷങ്ങളുടെ കടം തീർക്കാൻ അമ്മയെ കൊലപ്പെടുത്തി യുവാവ്. കൊലപാതകത്തിന് പിന്നാലെ പോലീസ് ഇയാളെ പിടികൂടി. നാല് ലക്ഷം രൂപയുടെ കടമാണ് യുവാവിന് ഉണ്ടായിരുന്നത്. ആകെ 50 ലക്ഷം രൂപ കിട്ടാനുള്ള പദ്ധതിയാണ് യുവാവ് തയ്യാറാക്കിയതെന്ന് പോലീസ് പറഞ്ഞു.
ഉത്തർപ്രദേശിലെ ഫത്തേപൂരിലാണ് ഇത്തരമൊരു സംഭവം അരങ്ങേറിയത്. സുപീ എന്ന ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്ഫോമിൽ ഗെയിമുകൾ കളിച്ച് യുവാവ് അതിന് അടിമയായി മാറിയിരുന്നു. കളികളിൽ നിന്ന് നിരന്തരം നഷ്ടമുണ്ടായതോടെ ഇയാള്‍ പിന്നീട് കടം വാങ്ങിയായി കളി. നാല് ലക്ഷത്തോളം രൂപയാണ് ഇങ്ങനെ കടം വന്നത്. ഈ കടം എങ്ങനെ വീട്ടുമെന്ന ചോദ്യമാണ് അമ്മയെ കൊല്ലാമെന്ന ക്രൂരമായ പദ്ധതിയിലേക്ക് യുവാവിനെ എത്തിച്ചത്.
ഒരു ബന്ധുവിന്റെ സ്വർണാഭരണം മോഷ്ടിച്ച് വിറ്റ് ഇയാള്‍ മാതാപിതാക്കള്‍ക്ക് രണ്ട് പേർക്കും 50 ലക്ഷം രൂപ വീതമുള്ള ലൈഫ് ഇൻഷുറൻസ് പോളിസികള്‍ എടുക്കുകയായിരുന്നു. തൊട്ടുപിന്നാലെ അമ്മയെ കൊല്ലാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയായിരുന്നു. അച്ഛൻ സ്ഥലത്തില്ലാതിരുന്ന സമയം നോക്കി അമ്മയെ ശ്വാസം മുട്ടിച്ച് കൊന്നു. മൃതദേഹം ചാക്കിലാക്കി ട്രാക്ടറിൽ കയറ്റി യമുനാ തീരത്തേക്ക് ഓടിച്ചുപോയി. നദിയിൽ മൃതദേഹം ഉപേക്ഷിക്കാനായിരുന്നു പദ്ധതി.






