
തമിഴ്നാട്ടിൽ നടുക്കടലിൽ മത്സ്യ തൊഴിലാളികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. മറ്റൊരാളെ കാണാതായി. നാഗപട്ടണം അക്കരപ്പേട്ട് ഗ്രാമത്തിലെ ശിവനേശ ശെൽവമാണ് മരിച്ചത്. കാലാദിനാഥനെയാണ് കടലിൽ കാണാതായത്. സംഘർഷത്തിൽ ഗുരുതരമായി പരുക്കേറ്റ ആത്മനാഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വല മുറിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തില്‍ കലാശിച്ചത്. കേസിൽ ഏഴു പേരെ അറസ്റ്റ് ചെയ്തതായി തമിഴ്നാട് പോലീസ് അറിയിച്ചു.
ഞായറാഴ്ച വൈകുന്നേരം ചെറിയ ബോട്ടിൽ നാഗപട്ടണം അക്കരപ്പേട്ട തീരദേശ ഗ്രാമത്തിലെ എസ്.ആത്മനാഥൻ, എസ്. ശിവനേശ സെൽവം, എസ്. കളത്തിനാഥൻ എന്നീ മൂന്ന് പേരാണ് മത്സ്യബന്ധനത്തിനായി പോയത്. നാഗപട്ടണം മത്സ്യബന്ധന തുറമുഖത്ത് നിന്ന് രണ്ട് നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനം നടത്തുന്നതിനിടെ യന്ത്രവത്കൃത ബോട്ടിൽ എത്തിയ മത്സ്യത്തൊഴിലാളികളുമായി സംഘർഷമുണ്ടായത്.
കടലിനടിയിൽ വെട്ടേറ്റ നിലയിൽ കണ്ടെത്തിയ ശിവനേശ സെൽവത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി നാഗപട്ടണം സർക്കാർ മെഡിക്കൽ കോളേജിലേക്ക് അയച്ചിട്ടുണ്ട്.






