
ആലപ്പുഴ: മാവേലിക്കര മണ്ഡലത്തില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി സി.പി.ഐ. ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത് യുവനേതാവ് അഡ്വ. സി.എ. അരുണ്‍കുമാറിനെ. ആലപ്പുഴ, കൊല്ലം, കോട്ടയം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന മണ്ഡലം എങ്ങനെയും പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് അരുണിനെ മത്സരിപ്പിക്കുന്നത്.
കായംകുളം കൃഷ്ണപുരം ചൂളപറമ്പില്‍ വീട്ടില്‍ 1983 ഡിസംബര്‍ 30ന് ജനിച്ച അരുണ്‍ എ.ഐ.എസ്.എഫിലൂടെ പൊതുരംഗത്ത് സജീവമായി. കൃഷ്ണപുരം ഗവ.യു.പി. സ്കൂളിലും വിശ്വാഭാരതി മോഡല്‍ െഹെസ്കൂളിലുമായി സ്കൂള്‍ വിദ്യാഭ്യാസം. വിശ്വാഭാരതി മോഡല്‍ െഹെസ്കൂളില്‍ സ്കൂള്‍ ലീഡര്‍.
കായംകുളം എം.എസ്.എം കോളജില്‍ പ്രീഡിഗ്രി, ഡിഗ്രി (ബി.എ. ഹിസ്റ്ററി) പഠനം. ഇവിടെ നിന്ന് കേരള യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലറായി വിജയിച്ചു. കേരള സര്‍വകലാശാല അക്കൗണ്ട്സ് കമ്മിറ്റി അംഗം. കര്‍ണാടക സിദ്ധാര്‍ഥ ലോ കോളജില്‍ എല്‍എല്‍.ബി പഠനവും കോയമ്പത്തൂര്‍ ഭാരതിയാര്‍ യൂണിവേഴ്സിറ്റിയില്‍ എം.എസ്.ഡബ്ള്യു പഠനവും പൂര്‍ത്തീകരിച്ചു.
എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, സംസ്ഥാന െവെസ് പ്രസിഡന്റ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ സജീവമായി പ്രവര്‍ത്തിച്ചു. കെ.പി.എ.സിയുടെ നിരവധി നാടകങ്ങളില്‍ ബാലതാരമായി രംഗത്തെത്തി. കള്ളന്റെ മകന്, അവകാശികള്‍ എന്ന സിനിമയിലും അഭിനയിച്ചു. ജനയുഗം ദിനപത്രത്തിന്റെ കായംകുളം ലേഖകനായും പ്രവര്‍ത്തിച്ചു. കായംകുളം, മാവേലിക്കര, ആലപ്പുഴ കോടതികളില്‍ അഭിഭാഷകവൃത്തി.
നിലവില്‍ കൃഷി മന്ത്രി പി. പ്രസാദിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും എ.ഐ.എസ്.എഫ്. സംസ്ഥാന കമ്മിറ്റി അംഗവും സി.പി.ഐ. ആലപ്പുഴ ജില്ലാ എക്സിക്യൂട്ടീവ് അംഗവുമാണ്. അഖിലേന്ത്യാ ദളിത് െറെറ്റ് മൂവ്മെന്റിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.






