
കല്‍പ്പറ്റ: പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഇര സിദ്ധാര്‍ത്ഥിനെ പ്രതികള്‍ ക്രൂരമായി മര്‍ദ്ദിച്ചത് മൂന്ന് മണിക്കൂറെന്ന് പോലീസ് കണ്ടെത്തല്‍. ഇത്ര ക്രൂരത നടന്നിട്ടും ഒരാള്‍ പോലും പ്രതികരിക്കാനോ ചോദ്യം ചെയ്യാനോ മുതിര്‍ന്നില്ലെന്നും പോലീസ് പറയുന്നു. സംഭവത്തില്‍ ഇതുവരെ ഏഴുപേര്‍ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ ദിവസം മൊഴിയെടുക്കാന്‍ വിളിപ്പിച്ച എട്ടുപേരില്‍ ആറു പേര്‍ക്കും മരണത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായതോടെയായിരുന്നു അറസ്റ്റ്.
പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് സിദ്ധാര്‍ത്ഥ് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായിരുന്നതായി കണ്ടെത്തിയത്. തലയ്ക്കും താടിയെല്ലിനും മുതുകിനും ക്ഷതമേറ്റിട്ടുണ്ട്. അതേസമയം മരണം തൂങ്ങിമരണമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിലെ പാടുകള്‍ സിദ്ധാര്‍ത്ഥ് മരണമടയുന്നതിന് രണ്ടോ മൂന്നോ ദിവസം മുമ്പുള്ള മര്‍ദ്ദനത്തിന്റെ ഫലമായി ഉണ്ടായതാണെന്നും കണ്ടെത്തി. ഫെബ്രുവരി 18 നായിരുന്നു ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ സിദ്ധാര്‍ത്ഥിനെ കണ്ടെത്തിയത്. കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള നാലുപേര്‍ സിദ്ധാര്‍ത്ഥിന്റെ ക്ലാസ്സില്‍ തന്നെയുള്ളവരാണ്. ഹോസ്റ്റലിന്റെ നടുമുറ്റത്ത് വെച്ച് മറ്റു കുട്ടികളുടെ മുന്നില്‍ വെച്ചായിരുന്നു സിദ്ധാര്‍ത്ഥിന്റെ വിചാരണയും മര്‍ദ്ദനവും.
ഇത് കണ്ടു നിന്ന വിദ്യാര്‍ത്ഥികളെ പ്രതികളില്‍ ഒരാളായ സിന്‍ജോ ജോണ്സണ് ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരം പുറത്തുപറഞ്ഞാല്‍ തലയുണ്ടാകില്ലെന്നായിരുന്നു ഭീഷണി. സര്‍വകലാശാലയില്‍ ഇത്തരം വിചാരണയും ശിക്ഷ നടപ്പാക്കലുമെല്ലാം മുമ്പും ഉണ്ടായിട്ടുണ്ടെന്നാണ് പോലീസിന് കിട്ടിയ വിവരം. ഹോസ്റ്റലില്‍ അടിപിടികള്‍ ഉണ്ടായാല്‍ അവിടെ തന്നെ തീര്‍ക്കണമെന്നും പുറത്തുവിടരുതെന്നുമാണ് നിയമം. സിദ്ധാര്‍ത്ഥിനെ മര്‍ദ്ദിച്ച വിവരം പുറത്തുപറയാതിരിക്കാന്‍ പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നതായിട്ടാണ് വിവരം. കോളേജിലെ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.
ഹോസ്റ്റലിലും പിന്നീട് കോളേജിന് പുറകുവശത്തെ കുന്നിനുമുകളിലുമായി പലപ്പോഴായി തുടര്‍ച്ചയായി ക്രൂരമായി മര്‍ദ്ദിച്ചത്. വീട്ടിലേക്ക് പോകാന്‍ എറണാകുളം വരെ പോയ എത്തിയ സിദ്ധാര്‍ത്ഥിനെ അസൈന്മെന്റിന്റെ കാര്യം പറഞ്ഞ് തിരിച്ചുവിളിച്ചായിരുന്നു ക്രൂര പീഡനം അരങ്ങേറിയത്. ഭക്ഷണം പോലും നല്‍കിയില്ലെന്നും അനേകം വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലിട്ടായിരുന്നു പീഡനമെന്നുമാണ് വിവരം.






