
ന്യൂഡല്‍ഹി: ഐപിഎല്ലിന് വേണ്ടി പുറംവേദന പറഞ്ഞ് രാജ്യാന്തര മത്സരത്തില്‍ നിന്നും ഒഴിവാകാന്‍ നോക്കി പണി കിട്ടിയ ശ്രേയസ് അയ്യര്‍ ഒടുവില്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ നിര്‍ബ്ബന്ധിതനാകുന്നു. താരം തമിഴ്നാടിനെതിരേയുള്ള രഞ്ജിട്രോഫി മത്സരത്തിന്റെ സെമിയില്‍ മുംബൈയ്ക്ക് വേണ്ടി കളിക്കാനിറങ്ങും. നാളെയാണ് രണ്ടു ടീമുകളും തമ്മില്‍ ഏറ്റുമുട്ടുന്നത്.
ഇംഗ്ളണ്ടിനെതിരേയുള്ള ടെസ്റ്റ് പരമ്പരയില്‍ നിന്നും വിട്ടു നിന്ന താരത്തിന്റെ വാര്‍ഷിക കരാര്‍ ബിസിസിഐ റദ്ദാക്കിയിരുന്നു. പുറംവേദനയെന്ന് പറഞ്ഞ് ടീമില്‍ നിന്നും വിട്ടു നിന്ന താരം ഐപിഎല്ലിന് വേണ്ടി വിശ്രമം എടുക്കുകയായിരുന്നു എന്നാണ് ഉയര്‍ന്ന ആരോപണം. എന്നാല്‍ അന്താരാഷ്ട്ര ടീമിലേക്ക് മടങ്ങിവരാന്‍ ആഭ്യന്തരക്രിക്കറ്റില്‍ കളിച്ചിരിക്കണമെന്ന കര്‍ശന നിലപാട് സെലക്ടര്‍മാര്‍ ശ്രേയസിന് നല്‍കുകയായിരുന്നു. ഇതോടെയാണ് 27 കാരനായ താരത്തിന് സംസ്ഥാനത്തിന് കളിക്കേണ്ടി വരുന്നത്.
പുറംവേദനയെ തുടര്‍ന്ന് രഞ്ജിട്രോഫിയുടെ ക്വാര്‍ട്ടറില്‍ കളിക്കാന്‍ താരം തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പൂര്‍ണ്ണമായും തന്റെ പ്രശ്നത്തില്‍ നിന്നും മോചിതനായ താരം മൂംബൈയുടെ ലൈനപ്പില്‍ പ്രത്യക്ഷപ്പെടും. തമിഴ്നാടിന്റെ സ്പിന്‍ ആക്രമണത്തെ നേരിടാന്‍ ശ്രേയസിനെ പോലെ ഒരു ബാറ്റ്സ്മാന് മുംബൈയ്ക്ക് ആവശ്യവുമാണ്. ഈ രഞ്ജി സീസണില്‍ തമിഴ്നാടിന്റെ ക്യാപ്റ്റന്‍ സായ് കിഷോറും ഇടംകയ്യന്‍ സ്പിന്നര്‍ എസ് അജിത്റാമും തകര്‍പ്പന്‍ ബൗളിംഗാണ് നടത്തുന്നത്. അയ്യരുടെ പരിചയസമ്പത്ത് തമിഴ്നാടിന്റെ ബൗളിംഗ് ഭീഷണിയെ മറികടക്കാന്‍ മുംബൈയെ സഹായിക്കുമെന്നാണ് കണക്കുകൂട്ടല്‍.
തമിഴ്നാടിന്റെ അച്ചടക്കമുള്ള ബൗളിംഗും ബാറ്റിംഗും മുംബൈയുടെ സുസജ്ജമായ ടീമിനെ നേരിടുമ്പോള്‍ തീ പാറുന്ന പോരാട്ടം തന്നെ കാണാം. ക്വാര്‍ട്ടറില്‍ ഉജ്വല വിജയങ്ങളുമായാണ് ഇരു ടീമും സെമിയില്‍ എത്തിയത്. മുംബൈയുടെ കാഹളത്തിന് ചുക്കാന്‍ പിടിച്ചത് മുഷീര്‍ ഖാന്റെ ഡബിള്‍ സെഞ്ച്വറി അടക്കമുള്ള ബാറ്റിംഗ് മികവായിരുന്നു. നിലവിലെ ചാംപ്യന്മാരായ സൗരാഷ്ട്രയെ തകര്‍ത്തുകൊണ്ടാണ് തമിഴ്നാട് സെമിയില്‍ കടന്നത്. ഈ സീസണിലെ മൊത്തം കളികളില്‍ രണ്ടു തവണയാണ് തമിഴ്നാട് എതിരാളികളെ പൂര്‍ണ്ണമായും പുറത്താക്കിയത്.






