
ന്യൂഡല്‍ഹി: കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി. അഞ്ച് ലക്ഷം രൂപ വീതമാണ് ഉടന്‍ നഷ്ടപരിഹാരം നല്‍കേണ്ടത്. ഡി.വൈ.എഫ്.ഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ണായക ഉത്തരവ്.
മൂന്നു മാസത്തിനകം നഷ്ടപരിഹാര തുക കൈമാറണം. എന്‍ഡോസള്‍ഫാന്‍ നിര്‍മ്മിക്കുന്ന കീടനാശിനി കമ്പനികളില്‍ നിന്ന് സര്‍ക്കാരിന് നഷ്ടപരിഹാര തുക ഈടാക്കാം. ഇതിനു വേണ്ടി നിയമ നടപടി സ്വീകരിക്കാം. ഇതിനായി വേണ്ടിവന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായവും സംസ്ഥാനത്തിനു തേടാമെന്നും കോടതി വ്യക്തമാക്കി.
ഇരകള്‍ക്ക് നഷ്ടപരിഹാരം നല്കുന്നതില് സര്‍ക്കാരുകള്‍ക്ക് വീഴ്ചവന്നുവെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു. ഇത്തരം വീഴ്ചകള്‍ ഉണ്ടാകാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. എന്‍ഡോസള്‍ഫാന്‍ കമ്പനികള്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാനും ചീഫ് ജസ്റ്റീസ് ഉത്തരവിട്ടു.
മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തിനെതിരെ ഡി.വൈ.എഫ്.ഐയാണ് മുന്‍പും സുപ്രീം കോടതിയെ സമീപിച്ചത് നിരോധന ഉത്തരവ് സമ്പാദിച്ചത്.






