
പരമശിവന്റെ ജന്മനക്ഷത്രമായ ധനുമാസത്തിലെ തിരുവാതിരയാണ് നാളെ. ദീര്‍ഘസുമംഗലി ആയിരിക്കാനും (ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിന്) പതീലാഭത്തിനുമായി ഹൈന്ദവ സ്ത്രീകള്‍ ആചരിക്കുന്ന വ്രതമാണിത്.
ഉമാമഹേശ്വര പ്രീതികരമാണ് ഈ വ്രതം. കല്യാണം കഴിഞ്ഞ് ആദ്യം വരുന്ന തിരുവാതിര സുമംഗലികള്‍ വളരെ കെങ്കേമമായി ആഘോഷിക്കാറുണ്ട്. പരമശിവന്റെ ആയുരാരോഗ്യത്തിനായി ആദ്യമായി തിരുവാതിര വ്രതം അനുഷ്ഠിച്ചത് പാര്‍വതീദേവി ആയിരുന്നു. ശ്രീ പരമേശ്വരനും പാര്‍വതീ ദേവിയും തമ്മിലുള്ള വിവാഹം നടന്നത് തിരുവാതിര നാളിലാണെന്നും ഐതീഹ്യമുണ്ട്.
ശക്തി ശിവനോട് ചേരുന്ന തിരുവാതിര നാളില്‍ വ്രതം അനുഷ്ഠിക്കുന്നത് ഉത്തമ ദാമ്പത്യ ജീവിതം ലഭ്യമാക്കുമെന്നാണ് വിശ്വാസം. മകയിരം നോമ്പ് മക്കളുടെ അഭിവൃദ്ധിയ്ക്കും ആയുരാരോഗ്യത്തിനും വേണ്ടിയുള്ളതാണ്. അന്നേദിവസം എട്ടങ്ങാടി ചുട്ടു നിവേദിക്കണമെന്നാണ് വെപ്പ്.
കാച്ചില്, ചേന, കൂര്‍ക്ക, ചെറുകിഴങ്ങ്, നനകിഴങ്ങ്, ചെറുചേമ്പ്,വലിയ ചേന, മധുരക്കിഴങ്ങ് എന്നീ കിഴങ്ങുകള്‍ ചേര്‍ത്തുള്ളതാണ് എട്ടങ്ങാടി വിഭവം. ഇവ ചുട്ടെടുത്ത് ശര്‍ക്കരപാവു കാച്ചി, നളികേരവും പഴവും വന്‍പയര്‍ വേവിച്ചതും കരിമ്പും മറ്റും ചേര്‍ത്ത് വിഭവം തയ്യാറാക്കും.
എല്ലാ മംഗല്യവതികളായ സ്ത്രീകളും കന്യകകളും ചന്ദനം, ചാന്ത്, കുങ്കുമം എന്നിവ നെറ്റിയില്‍ ചാര്‍ത്തുകയും കണ്ണെഴുതി മൂന്ന് വെറ്റിലകൊണ്ട് ഗണപതി, അര്‍ദ്ധനാരീശ്വരന്‍, അഷ്ടദിക്ക് പാലന്മാര് എന്നിവരെ അര്‍ച്ചന ചെയ്ത് ബാക്കി പൂജാ പത്രം വസിഷ്ഠ മഹര്‍ഷിയുടെ ഭാര്യയും ആകാശത്തില്‍ ജാജ്വല്യ നക്ഷത്രമായി പ്രകാശിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്ന 'അരുന്ധതി' എന്ന പതിവ്രതാ രത്നത്തിനെ സങ്കല്‍പ്പിച്ച് മുകളിലേക്ക് അര്‍ച്ചിക്കുകയും ചെയ്യുന്നു. പിന്നീട് പുലരുന്നതുവരെ തിരുവാതിരകളിക്കുന്നു.






