
രാമപുരം: നാലമ്പല തീര്‍ഥാടനത്തിന്റെ രണ്ടാം ഞായറാഴ്‌ചയായ ഇന്നലെ അനുഭവപ്പെട്ടത് വന്‍ ഭക്‌തജന തിരക്ക്. പുലര്‍ച്ചെ 4 ന് രാമപുരം ശ്രീരാമസ്വാമി ക്ഷേത്രനട നിര്‍മ്മാല്യദര്‍ശനത്തിനായി തുറന്നപ്പോള്‍ തന്നെ ഭക്‌തരുടെ നീണ്ടനിരയായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നൊപ്പം തമിഴ്‌നാട്ടില്‍ നിന്നടക്കമുള്ള സംസ്‌ഥാനങ്ങള്‍ക്ക് പുറത്തുനിന്നും നിരവധി തീര്‍ഥാടകരാണ് ദര്‍ശനത്തിനായി എത്തിയത്. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, കൂടപ്പുലം ശ്രീലക്ഷ്‌മണസ്വാമി ക്ഷേത്രം, അമനകര ശ്രീഭരതസ്വാമി ക്ഷേത്രം മേതിരി ശ്രീശത്രുഘ്‌നസ്വാമി ക്ഷേത്രം എന്നിവയാണ് രാമപുരം നാലമ്പല ദര്‍ശനത്തിലെ ക്ഷേത്രങ്ങള്‍. ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ആരംഭിക്കുന്ന തീര്‍ഥാടനം തുടര്‍ന്ന് ലക്ഷ്‌മണസ്വാമി, ഭരതസ്വാമി, ശത്രുഘ്‌നസ്വാമി ക്ഷേത്രങ്ങളിലെ ദര്‍ശനത്തിന് ശേഷം വീണ്ടും ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ തിരിച്ചെത്തുന്നതോടെയാണ് പൂര്‍ത്തിയാകുന്നത്. ശ്രീരാമനില്‍ തുടങ്ങി ശ്രീരാമനില്‍ അവസാനിക്കുന്ന ഈ ക്രമമാണ് രാമപുരം നാലമ്പല ദര്‍ശനത്തിന്റെ പ്രധാന പ്രത്യേകത. വൈകിട്ട് 4 ന്‌് ക്ഷേത്രനടകള്‍ അടച്ചപ്പോഴും ഭക്‌തരുടെ നിര അവസാനിച്ചിരുന്നില്ല. കാത്തുനിന്നിരുന്ന ഭക്‌തരുടെ സൗകര്യം പരിഗണിച്ച് അര മണിക്കൂറിന് ശേഷം വീണ്ടും ക്ഷേത്രനടകള്‍ തുറന്ന് ദര്‍ശനം തുടരുകയായിരുന്നു. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, കൂടപ്പുലം ശ്രീലക്ഷ്‌മണസ്വാമി ക്ഷേത്രം, അമനകര ശ്രീഭരതസ്വാമി ക്ഷേത്രം, മേതിരി ശ്രീശത്രുഘ്‌നസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം തിരക്ക് നിയന്ത്രിക്കുന്നതിന് പൊലീസ്, സ്വകാര്യ സുരക്ഷാ ജീവനക്കാര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ സജീവമായി പ്രവര്‍ത്തിച്ചു. ഉഴവൂര്‍ ആര്‍.ടി.ഒ.യുടെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്‌ഥര്‍ ഗതാഗത നിയന്ത്രണത്തിന് നേതൃത്വം നല്‍കി. സേവാഭാരതിയുടെ നേതൃത്വത്തില്‍ തീര്‍ഥാടകര്‍ക്കായി കുടിവെള്ള വിതരണവും ആംബുലന്‍സ് സര്‍വ്വീസും മറ്റ് സേവനങ്ങളും ഒരുക്കിയിരുന്നു. ക്ഷേത്രങ്ങളില്‍ ഭക്‌തര്‍ക്കായി അന്നദാനവും ഉണ്ടായിരുന്നു. സംസ്‌ഥാന ആരോഗ്യ വകുപ്പിന്റെ മെഡിക്കല്‍ ടീം നാല് ക്ഷേത്രങ്ങളിലും സേവനത്തിലുണ്ടായിരുന്നു. നാലമ്പല തീര്‍ഥാടനത്തിന്റെ തുടര്‍ദിവസങ്ങളിലും വന്‍ ഭക്‌തജനപ്രവാഹം തുടരുമെന്ന പ്രതീക്ഷയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ക്ഷേത്ര ഭാരവാഹികളും പോലീസ് ഉള്‍പ്പെടെയുള്ള വിവിധ സര്‍ക്കാര്‍ വകുപ്പുകളും.







Comments