
ജയ്പൂര്‍: സമീപകാലത്ത് പുറത്തുവന്ന ഒരു മലയാള സിനിമയെ അനുസ്മരിപ്പിച്ച് രാജസ്ഥാന് പോലീസിലേക്ക് നടന്ന എഴുത്തുപരീക്ഷയില്‍ സബ് ഇന്‍സ്പെക്ടര്‍മാര്‍ ഉള്‍പ്പെടെ 15 പോലീസുകാര്‍ പരീക്ഷാത്തട്ടിപ്പ് നടത്തി പിടിയിലായി.
ബാച്ചിലെ ടോപ്പര്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. ഫെബ്രുവരി 29 ന് പരീക്ഷാത്തട്ടിപ്പ് നടത്തിയ മാഫിയയെ പിടികൂടിയതിന്റെ പശ്ചാത്തലത്തില്‍ നടന്ന പരിശോധനയാണ് ഈ വന്‍ തട്ടിപ്പ് പിടിക്കപ്പെടാന്‍ കാരണമായി മാറിയത്.
പിടിയിലായവരില്‍ 12 പേര് രാജസ്ഥാന് പോലീസ് അക്കാദമിയിലെ ട്രെയിനികളാണ്. രണ്ടുപേര്‍ സാഞ്ചോര്‍, ബാര്‍മര്‍ എന്നിവിടങ്ങളില്‍ നിന്നും ഒരു വനിതാട്രെയിനി കിഷന്‍ഗറില്‍ നിന്നും ഉള്ളതാണ്. രാജസ്ഥാനിലെ പോലീസ് അക്കാദമിയില്‍ 700 പേരാണ് പരിശീലനത്തിലുള്ളത്. പരീക്ഷാത്തട്ടിപ്പ് മാഫിയയെ അറസ്റ്റ് ചെയ്തത് ബാറ്റിലെ മറ്റുള്ള പോലീസ് ട്രെയിനികളെയും കുഴപ്പത്തിലാക്കിയിട്ടുണ്ട്്.
വിശദമായ അന്വേഷണം പരീക്ഷാത്തട്ടിപ്പ് മാഫിയയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നിട്ടുണ്ടെന്ന്് പേപ്പര്‍ ലീക്ക് കേസ് അന്വേഷിക്കുന്ന സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ എഡിജിപി വികെ സിംഗ് പറയുന്നു. ഇവര്‍ എങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഒരേസമയം ഇവര്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതെങ്ങിനെയാണെന്നുമൊക്കെയുള്ള വിവരം കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2003-04 ല്‍ വന്‍ തട്ടിപ്പ് ബിസിനസ് നടത്തിയിരുന്ന 'ഗുരു' എന്നറിയപ്പെടുന്ന ജഗ്ദീഷ് ബിഷ്ണോയി എന്ന മാഫിയയാണ് തട്ടിപ്പിന് പിന്നില്‍. ഒരു സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകനായി തുടങ്ങിയ അദ്ദേഹം പിന്നീട് മറ്റുള്ളവര്‍ക്ക് വേണ്ടി പരീക്ഷാത്തട്ടിപ്പ് പരിപാടി ആസൂത്രണം ചെയ്യുകയായിരുന്നു. ആള്‍മാറാട്ടം, പകരം പരീക്ഷയെഴുതുകള് തുടങ്ങിയ പരിപാടികള്‍ ഇദ്ദേഹം വ്യാപകമായി നടത്തി.
ബ്ളൂ ടൂത്തുവഴി പേപ്പര്‍ ലീക്ക് ചെയ്ത് ഉദ്യോഗാര്‍ത്ഥികളെ സഹായിച്ചും തട്ടിപ്പ് നടത്തി. ചിലപ്പോള്‍ ഒരുമിച്ചും മറ്റു ചിലപ്പോള്‍ പരസ്പരം മത്സരിച്ചും വരെ ഇവര്‍ പരീക്ഷാ തട്ടിപ്പ് നടത്താറുണ്ടെന്നും പോലീസ് റെക്കോഡ്സിലെ രേഖകളില്‍ പറയുന്നു.
2021-22 ലെ പോലീസിന്റെ പരീക്ഷയിലും ബിഷ്ണോയി ഗ്യാംഗ് നടത്തിയ തട്ടിപ്പില്‍ 15 പോലീസ് ട്രെയിനികള്‍ ഉള്‍പ്പെടെ പിടിയിലായിരുന്നു. അടുത്തിടെ ബിജുമേനോന് നായകനായി മലയാളത്തില്‍ പുറത്തുവന്ന തുണ്ട് എന്ന സിനിമയില്‍ പോലീസ് ട്രെയിനിംഗ് കോളേജില്‍ നടക്കുന്ന പരീക്ഷയില്‍ തട്ടിപ്പ് നടത്തുന്നതായി കാണിക്കുന്നുണ്ട്.






