
മംഗളൂരു : കര്‍ണാടകയില്‍ മലയാളി യുവാവിന്റെ് ആസിഡ് ആക്രമണത്തിന് ഇരകളായ മൂന്നു വിദ്യാര്‍ത്ഥികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ 4 ലക്ഷം രൂപ വീതം നല്കുമെന്നു വനിതാ കമ്മീഷന് അധ്യക്ഷ നാഗലക്ഷ്മി ചൗധരി. ആക്രമണത്തിന് ഇരകളായ പെണ്‍കുട്ടിയുടെ ചികിത്സയ്ക്കായി 20 ലക്ഷം രൂപ വേറെയും അനുവദിച്ചതായി അവര്‍ അറിയിച്ചു. ആക്രമണത്തിന് ഇരകളായ പെണ്‍കുട്ടികളെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.
പ്രതിയെ തടഞ്ഞുവച്ച് പോലീസിനു കൈമാറിയ വിദ്യാർഥികൾക്ക് ഉപഹാരം നൽകുമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ വ്യക്തമാക്കി. പെൺകുട്ടികൾക്ക് നേരെ ആസിഡ് എറിഞ്ഞ മലപ്പുറം നിലമ്പൂർ സ്വദേശി അബിൻ ഷിബി (23) പോലീസ് കസ്റ്റഡിയിലാണ്. തിരിച്ചറിയൽ പരേഡ് നടത്തേണ്ടതിനാൽ ഇയാളുടെ മറ്റു വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
പെൺകുട്ടികൾ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു പെൺകുട്ടിക്ക് 20 ശതമാനം പൊള്ളലേറ്റു. രണ്ടു പേർക്ക് 10 ശതമാനമാണ് പൊള്ളൽ. പരിക്കുകൾ ഭേദമായ ശേഷമാകും പ്ലാസ്റ്റിക് സർജറി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കൂ. പിയുസി സെക്കൻഡ് വിദ്യാർഥികളാണ് തിങ്കളാഴ്ച ആസിഡ് ആക്രമണത്തിന് ഇരകളായത്. പെൺകുട്ടികളിൽ ഒരാൾ പ്രണയാഭ്യർഥന നിരസിച്ചതാണ് ആക്രമണത്തിനു കാരണമെന്ന് പോലീസ് അറിയിച്ചു.
യൂണിഫോം ധരിച്ച് ബൈക്കിൽ എത്തിയ അബിൻ ആക്രമിക്കുകയായിരുന്നു. ഒരു പെൺകുട്ടിയെയാണ് ലക്ഷ്യമിട്ടതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. രക്ഷപ്പെടാൻ ശ്രമിച്ച അബിനെ, പെൺകുട്ടികളുടെ സഹപാഠികൾ തടഞ്ഞുവെച്ച് പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി അബിനെ കസ്റ്റഡിയിലെടുത്തു.






