
ധര്‍മ്മശാല : ഇന്ത്യയ്ക്കെതിരായ അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ബെൻ സ്റ്റോക്സ് ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. ഇന്ത്യൻ നിരയിൽ ദേവ്ദത്ത് പടിക്കൽ അരങ്ങേറ്റ ടെസ്റ്റ് കളിക്കും. രജത് പാട്ടിദാറിന് പകരക്കാരനായാണ് കർണാടകയിലെ മലയാളി താരം കളത്തിലിറങ്ങുന്നത്.
പേസർ ജസ്പ്രീത് ബുമ്രയുംടീമിലേക്കു മടങ്ങിയെത്തി. രജത് പട്ടീദാർ, ആകാശ് ദീപ് എന്നിവരെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കി .പേസർമാർക്ക് ആനുകൂല്യം ലഭിക്കുന്ന ധരംശാല പിച്ചിൽ ബുമ്രയ്ക്കൊപ്പം മുഹമ്മദ് സിറാജ് ആദ്യ ഇലവനിൽ തുടരും. അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് എന്നിവരാണ് സ്പിൻ ത്രയം .
ഇംഗ്ലണ്ട് ടീമിനെ ഇന്നലെത്തന്നെ പ്രഖ്യാപിച്ചിരുന്നു. ഒലി റോബിൻസണ്‍ പകരം മാർക് വുഡ് മടങ്ങിയെത്തിയതാണ് ടീമിലെ ഏക മാറ്റം. സ്പിന്നര്മാരായിഷുയൈബ് ബഷീറും ടോം ഹാര്ട്ലിയും പ്ലേയിംഗ് ഇലവനില്‍ തുടരും . അവസാനവട്ട പിച്ച് പരിശോധനക്ക് ശേഷം ടീമിന്റെ സന്തുലനം നിലനിര്‍ത്താന്‍ രണ്ട് സ്പിന്നര്‍മാരും രണ്ട് പേസര്‍മാരുമെന്ന തീരുമാനത്തില്‍ ഇംഗ്ലണ്ട് ടീം മാനേജ്മെന്റ് എത്തി.
ഇന്ത്യയുടെ രവിചന്ദ്രൻ അശ്വിനും ഇംഗ്ലണ്ടിന്റെ ജോണി ബെയർസ്റ്റോയും 100-ാം ടെസ്റ്റാണ് കളിക്കുന്നത്. ഇംഗ്ലിഷ് പേസർ ജയിംസ് ആൻഡേഴ്സന്റെ 700–ാം ടെസ്റ്റ് വിക്കറ്റ് നേട്ടം ഉൾപ്പെടെ ഒരുപിടി റെക്കോർഡുകൾക്ക് വേദിയാകാൻ ധരംശാല ഒരുങ്ങിക്കഴിഞ്ഞു. അഞ്ച് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ അടുത്ത മൂന്ന് ടെസ്റ്റിലും ജയിച്ച് ഇന്ത്യ 3-1ന് പരമ്പര സ്വന്തമാക്കിയിരുന്നു.
ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവൻ: സാക്ക് ക്രോളി, ബെൻ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ബെൻ ഫോക്സ്, ടോം ഹാർട്ട്ലി, മാർക്ക് വുഡ്, ജെയിംസ് ആൻഡേഴ്സൺ,ഷോയൈബ് ബഷീർ.
ഇന്ത്യൻ ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, ദേവ്ദത്ത് പടിക്കൽ, സർഫറാസ് ഖാൻ, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ, രവിചന്ദ്രൻ അശ്വിൻ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ.






