
ന്യൂഡല്‍ഹി : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിപ്പട്ടികയിൽ അപ്രതീക്ഷിത മാറ്റത്തിനൊരുങ്ങി കോൺഗ്രസ്. തൃശൂരിൽ ടി.എൻ.പ്രതാപനു പകരം കെ.മുരളീധരനെ പരിഗണിക്കുന്നു. മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകൾ പദ്മജ വേണുഗോപാലിന്റെ ബി ജെ പി പ്രവേശത്തിന് പിന്നാലെയാണ് കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ വമ്പൻ സർപ്രൈസ് വരുന്നത്.
കരുണാകരന്റെ മകനും വടകരയിലെ സിറ്റിംഗ് എം പിയുമായ കെ മുരളീധരനെ തൃശൂരിൽ ഇറക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. വടകരയിൽ ഷാഫി പറമ്പിൽ എം എൽ എയെ മത്സരിപ്പിക്കാനുള്ള നീക്കങ്ങളും അണിയറയിൽ സജീവമാണ്. ഷാഫി അല്ലെങ്കിൽ ടി സിദ്ദിഖിനെയും കളത്തിലിറക്കാൻ ആലോചനയുണ്ട്.പാലക്കാട്ട് വി.കെ. ശ്രീകണ്ഠനു പകരം ഷാഫി പറമ്പിലിനെ മത്സരിപ്പിക്കുന്നതു പരിഗണിച്ചെങ്കിലും പിന്നീട് ഒഴിവാക്കി. വടകരയിൽ ഷാഫി വരുന്നതു വഴി പട്ടികയിൽ മുസ്ലിം പ്രാതിനിധ്യം ഉറപ്പായി.
ആലപ്പുഴയിൽ കെ.സി.വേണുഗോപാലിനെയും പരിഗണിക്കുന്നു. ആലപ്പുഴ തിരിച്ചുപിടിക്കാൻ വേണുഗോപാൽ തന്നെ ഇറങ്ങണമെന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. സംഘടനാ ചുമതലയുടെ തിരക്കുകൾ മൂലം വേണുഗോപാൽ ഇല്ലെങ്കിൽ ആലപ്പുഴയിൽ രാഹുൽ മാങ്കൂട്ടത്തിനെയും പരിഗണിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. രാഹുൽ ഗാന്ധി തന്നെയാകും വയനാട്ടിലെ സ്ഥാനാർഥി. കണ്ണൂരിൽ സിറ്റിംഗ് എം പിയും കെ പി സി സി അധ്യക്ഷനുമായ കെ സുധാകരൻ വീണ്ടും മത്സരിക്കാനും തീരുമാനമായിട്ടുണ്ട്.
ബാക്കി മുഴുവൻ മണ്ഡലങ്ങളിലും സിറ്റിംഗ് എം പിമാർ മത്സരിക്കാനും തീരുമാനമായിട്ടുണ്ട്. മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ഇന്നലെ രാത്രി ചേർന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം പട്ടിക സംബന്ധച്ചു ചർച്ച നടത്തി. സ്ഥാനാർഥിപ്പട്ടിക ഇന്നു പ്രഖ്യാപിക്കുമെന്ന് കെ.സി.വേണുഗോപാൽ അറിയിച്ചു. അപ്രതീക്ഷിത പേരുകൾ പട്ടികയിലുണ്ടാകുമെന്ന് കെ.സുധാകരൻ പറഞ്ഞു.
തിരഞ്ഞെടുപ്പു സമിതി യോഗത്തിൽ സോണിയ ഗാന്ധി, കെ.സി.വേണുഗോപാൽ, കെ.സുധാകരൻ, വി.ഡി.സതീശൻ, ശശി തരൂർ, രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുത്തു. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി ഗുജറാത്തിലുള്ള രാഹുൽ ഗാന്ധി വിഡിയോ കോൺഫറൻസിലൂടെ പങ്കെടുത്തു.






