ഗുരുഗ്രാം: ഗുരുഗ്രാമില്‍ പാഴ്വസ്തു വ്യാപാരിയെ അമ്മയും ഭാര്യയും കുഞ്ഞുമക്കളും നോക്കിനില്‍ക്കേ അക്രമി സംഘം വെടിവച്ച് കൊലപ്പെടുത്തി. സച്ചിന് എന്നയാളാണ് കൊല്ലപ്പെട്ടത്. ഫെബ്രുവരി 29ന് പഞ്ചാബിലെ സംഗൂരില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ കുടുംബസമേതം പോകുന്നതിനിടെയാണ് ആക്രമണം. റോത്തകിലെ ലഖന്‍ മജ്റയില് ഒരു ഭക്ഷണശാലയുടെ മുന്നില്‍ വച്ചാണ് ആക്രമണമുണ്ടായത്.
മൂന്നു പേരടങ്ങുന്ന സംഘമാണ് സച്ചിനു നേര്‍ക്ക് നിരവധി തവണ വെടിയുതിര്‍ത്തത്. ആക്രമണം തടയാന്‍ ശ്രമിച്ച അമ്മയുടെ കാലിലും അക്രമികള്‍ വെടിവച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലോറന്‍സ് ബിഷ്മണായ് സംഘത്തിലെ അംഗമായ റോഹിത് ഗോദര ഏറ്റെടുത്തു. കൊല്ലപ്പെട്ടയാള്‍ പന്തയംവയ്പുകാരനാണെന്നും തങ്ങളുടെ എതിരാളികളായ കൗശല്‍ ചൗധരി-അമിത് ദര്ഗര് സംഘത്തിലെ ആളുമാണെന്ന് റോഹിത് ഗോദര പറയുന്നു.
കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ പ്രതികളെ ബുധനാഴ്ച രാത്രി നേപ്പാളിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ അതിര്‍ത്തിയില്‍ വച്ച് പിടികൂടിയതായി പോലീസ് അറിയിച്ചു.
സച്ചിനും കുടുംബവും റെസ്റ്റോറന്റില്‍ നിന്നും ഇറങ്ങി വാഹനത്തിലേക്ക് പോകുന്നതിനിടെ സ്ഥലത്ത് കാത്തുകിടന്ന ഒരുവെളുത്ത കാറില്‍ നിന്നിറങ്ങിയ സംഘം സ്ത്രീകളെയും കുട്ടികളെയും മാറ്റി നിര്‍ത്തിയ ശേഷം സച്ചിനെ ആക്രമിക്കുകയായിരുന്നു. കാറില്‍ നിന്ന് ഫോണ്‍ അടക്കം ചില സാധനങ്ങള്‍ എടുത്ത ശേഷം സംഘം കടന്നുകളഞ്ഞുവെന്ന് അമ്മ പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു.






