
ന്യൂഡല്‍ഹി: ബംഗലുരു നഗരത്തില്‍ കുടിവെള്ളം ദുരുപയോഗം ചെയ്യുന്നതിനെതിരേ ശക്തമായ നടപടിയുമായി അധികൃതര്‍. കുടിവെള്ളം അനാവശ്യമായ കാര്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ 5000 രൂപ വരെ പിഴയടയ്ക്കേണ്ടി വരും. കര്‍ണാടകാ വാട്ടര്‍ സപ്ളൈ ആന്റ് സെവറേജ് ബോര്‍ഡ് ജലദൗര്‍ലഭ്യം മൂലമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിവിധ നിര്‍ദേശങ്ങള്‍ നല്‍കിയത്.
കുടിവെള്ളം ഉപയോഗിച്ച് കാര്‍ കഴുകുക, പൂന്തോട്ടം നനയ്ക്കുക, കെട്ടിട നിര്‍മ്മാണം പോലെയുള്ള പണികള്‍ക്ക് ഉപയോഗിക്കുക, ഫൗണ്ടന് നിര്മ്മിലക്കുക, റോഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കുക മറ്റു അറ്റകുറ്റ പണികള്‍ക്കായി ഉപയോഗിക്കുക എന്നിവയെല്ലാം നിരോധിച്ചിരിക്കുകയാണ്. നഗരത്തിന്റെ പല ഭാഗങ്ങളിലും രൂക്ഷമായ ജലദൗര്‍ലഭ്യമാണ് അനുഭവിക്കുന്നത്.
നഗരത്തിലെ ആയിരിക്കണക്കിന് കുഴല്‍ക്കിണറുകളാണ് വറ്റിവരണ്ടത്. ഇതാണ് വരള്‍ച്ചയിലേക്ക് നീങ്ങാന്‍ കാരണമായിരിക്കുന്നത്. വരള്‍ച്ച കടുത്തതോടെ സ്വകാര്യ ടാങ്കര്‍ വെള്ളത്തിനും വില കൂടി. കഴിഞ്ഞ രണ്ടുമൂന്ന് ആഴ്ചയായി ബംഗലുരുവിന്റെ പല ഭാഗങ്ങളിലും ജലദൗര്‍ലഭ്യം ശക്തമാണ്. ഓരോ ലോഡും വഹിക്കാനുള്ള ശേഷി, വിതരണം ചെയ്യാന്‍ കൊണ്ടുപോകേണ്ട ദൂരം എന്നിവയെല്ലാം കണക്കാക്കി വെള്ളത്തിന്റെ നിരക്ക് സംബന്ധിച്ച തീരുമാനം എടുത്തിരിക്കുകയാണ് ജില്ലാ ഭരണകൂടം.






