ന്യൂഡല്‍ഹി: 2000 കോടി രൂപയുടെ രാജ്യാന്തര ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസില്‍ ദക്ഷിണേന്ത്യന്‍ സിനിമ നിര്‍മ്മാതാവ് ജാഫര്‍ സാദിഖ് അറസ്റ്റില്‍. മുന്‍ ഡിഎംകെ പ്രവര്‍ത്തകനായ ജാഫര്‍ സിദിഖ് തമിഴ് സിനിമ മേഖലയില്‍ സജീവമായിരുന്നു. നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യുറോ (എന്‍സിബി) നോട്ടമിട്ടതോടെ ഫെബ്രുവരി 15 മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു.
ഇന്ത്യ- ഓസ്ട്രേലിയ- ന്യൂസിലാന്‍ഡ് ലഹരിമരുന്ന് നെറ്റ്വര്‍ക്ക് നിയന്ത്രിച്ചിരുന്ന സംഘത്തിന്റെ തലവനാണ് ജാഫര്‍ സാദിഖ് എന്നാണ് എന്‍സിബി പറയുന്നത്. ഓസ്ട്രേലിയയിലേക്കും ന്യൂസിലാന്‍ഡിലേക്കും ഇയാള്‍ 2000 കോടി വില വരുന്ന ലഹരിമരുന്ന് കടത്തിയെന്നാണ് കണ്ടെത്തല്‍. സൂഡോഫെഡ്രിന് എന്ന ലഹരി വസ്തുവാണ് കടത്തിയത്. ക്രിസ്റ്റല്‍ മെത് എന്ന മെതാംഫിറ്റാമിന്റെ നിര്‍മ്മാണത്തിനാണ് ഉത് ഉപയോഗിക്കുന്നത്. 45 പായ്ക്കറ്റുകളിലായി 3500 കിലോയാണ് കടത്തിയത്. തേങ്ങ, ഡ്രൈ ഫ്രൂട്ട്സ് എന്നിവയുടെ പായ്ക്കറ്റിനുള്ളിലാക്കിയായിരുന്നു ലഹരിക്കടത്ത്.
എന്‍സിബി നോട്ടമിട്ടതോടെ ജയ്പൂര്‍ വഴി രക്ഷപ്പെട്ട ഇയാള്‍ തിരുവനന്തപുരം, മുംബൈ, പുനെ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ കറങ്ങിനടന്നു. ലഹരി കടത്തുവഴി ലഭിച്ച പണം കൊണ്ട് ഇയാള്‍ സിനിമാ നിര്‍മ്മാണം, റിയല്‍ എസ്റ്റേറ്റ്, ഹോട്ടല്‍ ബിസിനസുകള്‍ നടത്തിയെന്നാണ് എന്‍സിബിയുടെ കണ്ടെത്തല്‍. നാല് സിനിമകള്‍ ഇതിനകം നിര്‍മ്മിച്ചിട്ടുണ്ട്. അതിലൊന്ന് ഈ മാസം റിലീസ് ചെയ്യാനിരിക്കേയാണ് അറസ്റ്റ്്.
കഴിഞ്ഞയാഴ്ച മധുരയിലും ചെന്നൈയിലുമായി 180 കോടിയുടെ മെത്താംഫെറ്റാമിന്‍ പിടിച്ചെടുത്തിരുന്നു. മധുരയില്‍ ട്രെയിന്‍ യാത്രക്കാരായ ദമ്പതികളില്‍ നിന്നും ചെന്നൈയിലെ ഡംപ് യാര്‍ഡില്‍ നിന്നുമാണ് ലഹരി വസ്തുക്കള്‍ ലഭിച്ചത്. ശ്രീലങ്കയിലേക്ക് കടത്താന്‍ കൊണ്ടുവന്നതായിരുന്നു ഇവ. ദമ്പതികളില്‍ നിന്ന് 36 കിലോയും ആറ് കിലോ കൊടുഗൈയൂര് യാര്‍ഡില്‍ നിന്നുമാണ് ഫെബ്രുവരി 29ന് പിടിച്ചെടുത്തത്.






