
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യമടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ കോടതിജീവനക്കാരുടെ ഭാഗത്തു വീഴ്ചയുണ്ടായതായി അന്വേഷണ റിപ്പോര്‍ട്ട്. കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കോടതിയുടെ ചെസ്റ്റിലിരിക്കവേ ഹാഷ് വാല്യു മാറ്റിയതു സംബന്ധിച്ച് ജില്ലാ സെഷന്‍സ് ജഡ്ജി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
കോടതിജീവനക്കാരുടെ ഭാഗത്തുനിന്ന് തെറ്റായ പെരുമാറ്റം കണ്ടെത്തിയതായാണു സൂചന. ക്രിമിനല്‍ നടപടിച്ചട്ടം 340 പ്രകാരം അഡ്മിനിസ്ട്രേഷന് ഓഫ് ജസ്റ്റിസ് ഇല്ലാതാക്കുന്ന നടപടിയാണിത്. പരാതിക്കാരുണ്ടെങ്കില്‍ കോടതിക്കു നേരിട്ടു നടപടിയെടുക്കുകയോ കേസെടുത്ത് അന്വേഷിക്കാന്‍ പോലീസിനു നിര്‍ദേശം നല്‍കുകയോ ചെയ്യാം. കുറ്റം തെളിഞ്ഞാല്‍, ജീവനക്കാര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കാന്‍ കോടതിക്കു ശിപാര്‍ശ നല്‍കാം.
ജനുവരി ആദ്യവാരംതന്നെ അന്വേഷണം പൂര്‍ത്തിയായിരുന്നു. മെമ്മറി കാര്‍ഡിന്റെ ഉള്ളടക്കം വ്യത്യസ്ത ഉപകരണങ്ങളില്‍ തുറന്നു പരിശോധിക്കുമ്പോഴാണു ഹാഷ് വാല്യൂ മാറിയത്. ഐ.ടി. വിദഗ്ധന്റെ സഹായത്തോടെയാണ് കോടതി ഇക്കാര്യം അന്വേഷിച്ചതെന്നാണു സൂചന. റിപ്പോര്ട്ടിന്മേല് എന്തു നടപടി സ്വീകരിക്കണമെന്നു വിചാരണക്കോടതിക്കു തീരുമാനിക്കാം.
മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ അനധികൃതമായി ആക്സസ് ചെയ്യുകയും പകര്‍ത്തുകയും കൈമാറ്റം ചെയ്യുകയും ചെയ്തെന്നാരോപിച്ച് അതിജീവിത നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനായിരുന്നു ജില്ലാ സെഷന്‍സ് ജഡ്ജിക്കുള്ള നിര്‍ദേശം. ആവശ്യമെങ്കില്‍ പോലീസിന്റെയോ മറ്റ് ഏജന്‍സികളുടെയോ സഹായം തേടാമെന്നും പറഞ്ഞിരുന്നു. അന്വേഷണറിപ്പോര്‍ട്ട് ലഭിച്ചശേഷം എന്തെങ്കിലും അതൃപ്തിയുണ്ടെങ്കില്‍ അതിജീവിതയ്ക്കു വീണ്ടും കോടതിയെ സമീപിക്കാമെന്നാണു ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്. എന്നാല്‍ കേസിലെ എട്ടാം പ്രതിയായ ദിലീപ് റിപ്പോര്‍ട്ട് രഹസ്യരേഖയായി മാറ്റാന്‍ ശ്രമിച്ചിരുന്നു.
അന്വേഷണറിപ്പോര്‍ട്ടിന്റെ പകര്‍പ്പ് രക്ഷപ്പെട്ടയാള്‍ക്കു കൈമാറുന്നതിനെ അദ്ദേഹം എതിര്‍ത്തു. പരാതിക്കാരിക്കു പകര്‍പ്പു നല്കിയ സാഹചര്യത്തില്‍ തനിക്കും റിപ്പോര്‍ട്ടിന്റെ പകര്‍പ്പു നല്‍കണമെന്നും ദിലീപ് ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതി തള്ളി. റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനായി അതിജീവിത ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിക്ക് അപേക്ഷ നല്‍കണം. അതു ലഭിക്കുന്നതോടെ ആരാണു മെമ്മറി കാര്‍ഡ് ആക്സസ് ചെയ്തത് എന്നതിനെക്കുറിച്ചുള്ള വ്യക്തമായ ചിത്രം അതിജീവിതയ്ക്കു ലഭിക്കും.
ഒന്നാംപ്രതിയായ പള്‍സര്‍ സുനിയുടെ അഭിഭാഷകനെ മാറ്റിയതിനെത്തുടര്‍ന്ന് മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അവര്‍ അനുമതി തേടിയിരുന്നു. 2021 ജൂലൈ 19 ന് കോടതി അനുമതി നല്കി. തുടര്‍ന്ന് കാര്‍ഡ് വിവോ ഫോണിലിട്ടു പരിശോധിച്ചിട്ടുണ്ടെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. എന്നാല്‍ ആരാണ് മെമ്മറി കാര്‍ഡ് പരിശോധിച്ചതെന്നു കണ്ടെത്തണമെന്നായിരുന്നു അതിജീവിതയുടെ ആവശ്യം.
സുനിയുടെ അഭിഭാഷകനെ മാറ്റിയത് സംശയകരമാണെന്നും മെമ്മറി കാര്‍ഡ് മൊബൈലില്‍ ഇടുമ്പോള്‍ കോപ്പിചെയ്യാന്‍ ഇടയുണ്ടെന്നും ഇതേത്തുടര്‍ന്ന് വാദമുയര്‍ന്നു. അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെയും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെയും കസ്റ്റഡിയിലിരിക്കുമ്പോള്‍ 2018 ജനുവരി ഒമ്പതിനും ഡിസംബര്‍ 13 നും കാര്‍ഡിലെ ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ രാത്രിയിലാണു കാര്‍ഡ് പരിശോധിച്ചത്. അതിനാലാണു ശാസ്ത്രീയാന്വേഷണം ആവശ്യപ്പെടുന്നതെന്ന് അതിജീവിതയുടെ അഭിഭാഷകന് നേരത്തെ കോടതിയില്‍ വാദിച്ചു.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പള്‍സര്‍ സുനിയാണു മൊബൈല്‍ഫോണില്‍ പകര്‍ത്തിയത്. പിന്നീട് ഈ ദൃശ്യങ്ങള്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡ് മാത്രമെടുത്തിട്ട് ഫോണ്‍ വെള്ളത്തില്‍ ഉപേക്ഷിച്ചു. തുടര്‍ന്ന് ഇതേ മെമ്മറി കാര്‍ഡ് പ്രതി അഭിഭാഷകനെ ഏല്‍പ്പിക്കുകയായിരുന്നു.
അഭിമന്യു കേസിലെ കോടതിരേഖകള്‍ കാണായതും ഇതേ കോടതിയില്‍നിന്നാണ്. തെളിവായി മാര്‍ക്കുചെയ്ത രേഖകളാണു കാണാതായതെന്നാണ് ആക്ഷേപം. എന്നാല്‍ രേഖകള്‍ വീണ്ടെടുക്കാവുന്നതാണെന്നും ഫയല്‍ മാറിപ്പോയതാണെന്നുമാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ഇത്തരം രേഖകള്‍ മാസങ്ങള്‍ കഴിഞ്ഞു കണ്ടെടുത്ത സംഭവങ്ങളുമുണ്ട്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയായതിനാല് കേസുകളുടെ ബാഹുല്യമാണു ഫയല്‍ നഷ്ടപ്പെടാന്‍ കാരണമെന്നും പറയപ്പെടുന്നു.






