
പത്തനംതിട്ട: പത്തനംതിട്ട ലോകസഭാ മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി അനില്‍ ആന്റണിക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 15ന് പ്രചാരണത്തിനെത്തുമ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിക്കുവേണ്ടി കോണ്‍ഗ്രസിന്റെ തലമൂത്ത നേതാവും അനില്‍ ആന്റണിയുടെ പിതാവുമായ എ.കെ.ആന്റണി എത്തുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
ഇന്ത്യ ഭരിക്കുന്ന എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മകന് മത്സരിക്കുമ്പോള്‍ മുഖ്യ എതിരാളിയായ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃസ്ഥാനത്താണ് എ.കെ.ആന്റണി. ബന്ധങ്ങളെക്കാള്‍ ഉപരി ആദര്‍ശത്തിന് പ്രാധാന്യം നല്കുന്ന എ.കെ.ആന്റണി പത്തനംതിട്ടയില്‍ എത്തിയാല്‍ കേരളത്തിലെ പ്രധാന എതിരാളിയായ എല്‍.ഡി.എഫിനേക്കാള്‍ വിമര്‍ശന വിധേയമാക്കേണ്ടത് രാജ്യം ഭരിക്കുന്ന എന്‍.ഡി.എയുടെ സ്ഥാനാര്‍ഥിയും മകനുമായ അനില്‍ ആന്റണിയെയാണ്. അതിന് എ.കെ.ആന്റണി ഒട്ടും മടിക്കില്ലെന്ന വിശ്വാസമാണ് കോണ്‍ഗ്രസിനുള്ളത്.
മകനെതിരെ പിതാവ് വോട്ടുതേടുന്ന അപൂര്‍വതയാണ് എ.കെ.ആന്റണി, ആന്റോ ആന്റണിക്കായി പ്രചാരണത്തിന് എത്തിയാല്‍ സംഭവിക്കുന്നത്. ഇത് ഒരു പക്ഷേ രാജ്യാന്തര തലത്തില്‍പോലും വാര്‍ത്ത ആയേക്കാം. പത്തനംതിട്ട ജില്ലയിലെ ആറന്മുള, റാന്നി, കോന്നി, അടൂര്‍, തിരുവല്ല എന്നീ നിയമസഭാ മണ്ഡലങ്ങളും കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട എന്നീ മണ്ഡലങ്ങളും ഉള്‍പ്പെടുന്നതാണ് പത്തനംതിട്ട ലോകസഭാ മണ്ഡലം.
തുടക്കത്തില്‍ പി.സി.ജോര്‍ജ് എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നായിരുന്നു ച്രചരണം. എന്നാല്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നപ്പോള്‍ അനില്‍ കെ.ആന്റണിക്ക് നറുക്കുവീണു. തുടക്കത്തില്‍ അനിലിന്റെ സ്ഥാനാര്‍ഥിത്വത്തോടുള്ള തന്റെ എതിര്‍പ്പ് പി.സി ജോര്‍ജ് വെളിപ്പെടുത്തിയെങ്കിലും മഞ്ഞുരുകിയത് പെട്ടന്നായിരുന്നു. പത്തനംതിട്ട തൃപ്പാറ ക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായി ദര്‍ശനത്തിന് അനില്‍ ആന്റണിക്കൊപ്പം പി.സി ജോര്‍ജും എത്തി.
അനിലിനെ പി.സി.ജോര്‍ജ് തിലകം അണിയിച്ച ഫോട്ടൊ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. കഴിഞ്ഞ തവണ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് പത്തനംതിട്ടയില്‍ ലഭിച്ചത് 2,97,396 വോട്ടുകളാണ്. രണ്ടാമതെത്തിയ സി.പി.എമ്മിലെ വീണാ ജോര്‍ജിന് 3,36,684 വോട്ടുകളും ലഭിച്ചു. വ്യത്യാസം 39252 വോട്ടുകള്‍ മാത്രം. എന്നാല്‍ ഇക്കുറി ഇത് മാറി മറിയുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍.
സംസ്ഥാന ഭരണവിരുദ്ധ നിലപാട് പ്രകടമാകുമെന്നാണ് അവരുടെ വിലയിരുത്തല്‍. കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട തുടങ്ങിയ മണ്ഡലങ്ങളില്‍ അടുത്തിടെ ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കു നേരെ ഒരുവിഭാഗം നടത്തിയ ആക്രമങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കും. കാരണം കോണ്‍ഗ്രസും സി.പി.എമ്മും മൗനം ഭജിച്ചപ്പോള്‍ അവിടെ ക്രിസ്ത്യാനികള്‍ക്കുവേണ്ടി ശബ്ദിച്ചത് ബി.ജെ.പി മാത്രമായിരുന്നു.
ഇതുകൂടാതെ കോണ്‍ഗ്രസില്‍ പ്രകടമായിട്ടുള്ള ചില എതിര് സ്വരങ്ങളും അനില്‍ ആന്റണിക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കും. എ.കെ ആന്റണിയുടെ മകന് എന്ന പരിഗണന നിരാശരായ ചുരുക്കം ചില കോണ്‍ഗ്രസുകാരെ ബി.ജെ.പിക്ക് അനുകൂലമായി ചിന്തിക്കാന്‍ വഴിയൊരുക്കും. ഈ ചിന്താഗതി മാറ്റാന്‍ മകനെതിരെ പ്രചാരണത്തിന് സാക്ഷാല്‍ എ.കെ.ആന്റണി തന്നെ രംഗത്തിറങ്ങിയാലും കഴിയില്ലെന്നാണ് ബി.ജെ.പിയുടെ ധാരണ. കഴിഞ്ഞ തവണ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് തിരിച്ചെത്തുമെന്ന ധാരണ കേരളത്തില്‍ പ്രകടമായിരുന്നു.
എന്നാല്‍ ഇക്കുറി മോദി വീണ്ടും അധികാരത്തില്‍ എത്തുമെന്നാണ് സര്‍വേ ഫലങ്ങള്‍ പറയുന്നത്. അതിനാല്‍ അനില്‍ ആന്റണിയെ വിജിയിപ്പിക്കാന്‍ നൂനപക്ഷങ്ങള്‍ തന്നെ മുന്നിട്ടിറങ്ങുമെന്നും അനിലിലൂടെ വികസനം ജില്ലയില്‍ എത്തിക്കാന്‍ കഴിയുമെന്നുമുളള പ്രചാരണ തന്ത്രമാണ് എന്‍.ഡി.എ നടത്തുന്നത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനുള്ളില്‍ ആന്റോ ആന്റണിക്ക് ജില്ലയില്‍ എന്ത് ചെയ്യാന്‍ കഴിഞ്ഞു എന്ന ചോദ്യവും ഇവര്‍ ഉന്നയിക്കുന്നു.






