
കോഴിക്കോട്: മാലിന്യ ലോറി എത്തുന്നതിൽ ഉണ്ടായ താമസം ഒരാൾക്ക് ഭാഗ്യമായി. മീഞ്ചന്ത വട്ടക്കിണർ സ്വദേശിയായ അബ്ദുൽ സലാമിന് നഷ്ടപ്പെട്ടതായി കരുതിയ ഏഴ് പവൻ സ്വർണാഭരണം തിരികെ ലഭിച്ചു.
ഒരു മാസം മുമ്പ് പഴയ തുണികളോടൊപ്പം പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ ഭാര്യ അറിയാതെ ഹരിതകർമസേനക്ക് കൈമാറുകയായിരുന്നു. ഈ തുണിക്കെട്ടുകൾ പിന്നീട് കോഴിക്കോട് കോർപ്പറേഷന്റെ നെല്ലിക്കോട് ഉള്ള മെറ്റീരിയൽ റിക്കവറി ഫെസിലിറ്റിയിൽ സൂക്ഷിച്ചു. മാലിന്യം സാധാരണയായി തമിഴ്‌നാട്, മൈസൂരു എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകുന്നുണ്ടെങ്കിലും തൊഴിലാളി പ്രശ്നത്തെ തുടർന്ന് കണ്ടെയിനർ എത്തുന്നതിൽ താമസം സംഭവിച്ചതോടെ ചാക്കുകൾ ഗോഡൗണിൽ തന്നെ കിടന്നു.
ഇതോടെയാണ് സ്വർണാഭരണം കണ്ടെത്താനുള്ള അവസരം ലഭിച്ചത്. വീട്ടിൽ സ്വർണം കാണാതായതിനെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ച ഹരിതകർമസേനയെ ബന്ധപ്പെടുകയായിരുന്നു. ഇബ്രാഹിം, ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഗോഡൗണിൽ എത്തി പരിശോധന നടത്തിയെങ്കിലും ആദ്യം കണ്ടെത്താനായില്ല. പിറ്റേന്നും മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ അബ്ദുൽ സലാമും കുടുംബവും ചേർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണാഭരണം കണ്ടെത്തിയത്.
ലോറി വൈകിയതാണ് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വർണം തിരിച്ചുകിട്ടാൻ കാരണമായത്.






