
അമാനുഷിക ശക്തികളുണ്ടെന്ന് വിശ്വസിച്ചിരുന്ന കേരളത്തിലെ പുരോഹിതനായ കടമറ്റത്ത് കത്തനാരുടെ കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘കത്തനാർ-ദി വൈൽഡ് സോർസറർ’. മലയാളികളുടെ പ്രിയ താരം ജയസൂര്യ ടൈറ്റില്‍ റോളില്‍ എത്തുന്ന ഈ സിനിമ നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള താരത്തിന്റെ തിരിച്ചുവരവ് കൂടിയാണ്. തമിഴ് തെലുങ്ക് സൂപ്പര്‍ താരം അനുഷ്ക ഷെട്ടിയുടെ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ആ സന്തോഷം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കിട്ടിരിക്കുകയാണ് ജയസൂര്യ. ‘‘കത്തനാരുടെ ലോകത്തേക്ക് അനുഷ്ക ഷെട്ടിക്ക് സ്വാഗതം..’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള അനുഷ്കയുടെ ചിത്രം ജയസൂര്യ പങ്കിട്ടിരിക്കുന്നത്. ഫാന്റസി ത്രില്ലറായ ഈ ചിത്രത്തിൽ ഒരു സ്വർഗ്ഗീയ യക്ഷിയുടെ കഥാപാത്രത്തെയാണ് അനുഷ്ക അവതരിപ്പിക്കുന്നതെന്ന് പറയപ്പെടുന്നു. ബാഹുബലിയിലെ ദേവസേനയായതു മുതൽ അനുഷ്കയ്ക്ക് മലയാള സിനിമയിലും ആരാധകരുടെ എണ്ണം വളരെ കൂടുതലാണ്.
വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ‘കത്തനാർ’ വിഎഫ്എക്സിന്റെ വിപുലമായ ഉപയോഗമുള്ള ചിത്രം പാൻ-ഇന്ത്യ തലത്തിൽ റിലീസായിട്ടാണ് ഒരുങ്ങുന്നത്. ഗോകുലം ഗോപാലന്റെ നിർമാണത്തിൽ ‘ഹോം’ എന്ന കുടുംബചിത്രത്തിന്റെ ശില്പി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാർ, 75 കോടി മുതൽമുടക്കിൽ മലയാളത്തിലെ എക്കാലത്തെയും ബിഗ് ബജറ്റ് ചിത്രമായാണ് ഒരുക്കുന്നത്. സിനിമയ്ക്കായി 45,000 ചതുരശ്ര അടിയിലെ സ്റ്റുഡിയോ ഫ്ലോർ തീർത്താണ് ഷൂട്ടിംഗ്. ഇതിൽ അനുഷ്കയുടെ പ്രതിഫലം ചർച്ചയായിരുന്നു. 2020ൽ ‘നിശബ്ദം’ റിലീസ് ചെയ്തതിൽ പിന്നീട് അനുഷ്ക ശർമയ്ക്ക് മൂന്നു വർഷം തുടർച്ചയായി ഒരു സിനിമ പോലും ഉണ്ടായില്ല. എന്നാലും മിസ് ഷെട്ടി, മിസ്റ്റർ പൊളിഷെട്ടിയിൽ താരത്തിന് പ്രതിഫലം കൂടിയതല്ലാതെ കുറഞ്ഞില്ല.
നാഗാർജുനയുടെ ‘സൂപ്പർ’ എന്ന സിനിമയിലൂടെയാണ് അനുഷ്ക ബാഹുബലി സിനിമയുടെ രണ്ടു ഭാഗങ്ങളിലെയും വേഷത്തിലൂടെ പ്രതിഫലത്തിന്റെ കാര്യത്തിൽ തെന്നിന്ത്യയിലെ ഏറെ താരമൂല്യമുള്ള നടിയായി മാറിക്കഴിഞ്ഞു. താന്‍ കത്തനാരിലേക്ക് ജോയിന്‍ ചെയ്യുന്ന എന്ന സന്തോഷം അനുഷ്കയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ‘‘കത്തനാരുടെ ലോകത്തേക്ക് പ്രവേശിച്ചു - കാട്ടു മന്ത്രവാദി..’’ എന്ന ക്യാപ്ഷനും നല്കി അനുഷ്കയും സന്തോഷം പങ്കുവച്ചിട്ടുണ്ട്.






