ന്യുഡല്‍ഹി: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന വിഷയം പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിരുന്ന ഉന്നതാധികാര സമിതി രാഷ്ട്രപതി ദ്രൂപതി മുര്‍മുവിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രാജ്യമെമ്പാടും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിനെ അനുകൂലിച്ചാണ് റിപ്പോര്‍ട്ട്. ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ സമിതി ഏകാഭിപ്രായമാണ് സ്വീകരിച്ചതെന്ന് സമിതി അധ്യക്ഷന്‍ കൂടിയായ മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് വ്യക്തമാക്കുന്നു.
2029 ഓടെ ലോക്സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തി തുടക്കമിടാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 100 ദിവസത്തിനുള്ളില്‍ തദ്ദേശ ഭരണ തിരഞ്ഞെടുപ്പുകളും നടത്താം. ഭാരതത്തിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തിരഞ്ഞെടുപ്പ് ഈ ആശയം സഹായിക്കും. തിരഞ്ഞെടുപ്പ് പ്രക്രിയയും ഭരണവും സുഗമമാക്കാനും ഇത് ഇടയാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരഞ്ഞെടുപ്പുകള്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുമായി ആലോചിച്ച് പൊതുവായ വോട്ടര്‍ പട്ടികയും വോട്ടര്‍ ഐഡി കാര്‍ഡുകളും കൊണ്ടുവരാം.
പാര്‍ലമെന്റിലേക്കും നിയമസഭകളിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പുകള്‍ നടക്കുമ്പോള്‍, ഏതെങ്കിലും സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കാതെ നിലംപതിച്ചാല്‍ പ്രേത്യകം തിരഞ്ഞെടുപ്പ് നടത്താമെന്നും സമിതി ശിപാര്‍ശയില്‍ പറയുന്നു. എന്നാല്‍ അങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിന് അഞ്ച് വര്‍ഷം കാലാവധിയുണ്ടാവില്ല. പൊതുതിരഞ്ഞെടുപ്പിനൊപ്പം വീണ്ടും ഈ സര്‍ക്കാരും തിരഞ്ഞെടുപ്പിനെ നേരിടേണ്ടിവരും.
2014ലെ തിരഞ്ഞെടുപ്പ് കാലം മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ത്തുന്നു മുദ്രാവാക്യമാണ് ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്നത്. ഓരോ തവണയും തിരഞ്ഞെടുപ്പിനു ചെലവിടുന്ന ഭീമമായ തുക ഒഴിവാക്കാമെന്ന് മാത്രമല്ല, അത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനും കഴിയുമെന്ന് അദ്ദേഹം പറയുന്നു. കൂടാതെ അടിയ്ക്കടിയുണ്ടാകുന്ന തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പൊതുജനം നേരിടുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനും ഇത് സഹായിക്കും.
തൂക്ക് സഭ, അവിശ്വാസ പ്രമേയത്തിലൂടെയോ മറ്റ് ന്യൂനതകളിലുടെയോ അധികാരം നഷ്ടമായാല്‍ സ്വീകരിക്കേണ്ട നിര്‍ദേശങ്ങളും ശിപാര്‍ശയിലുണ്ട്. പൊതുതിരഞ്ഞെടുപ്പ് എന്ന ആശയം 1967 വരെ രാജ്യത്ത് ഉയന്നിരുന്നുവെങ്കിലും ഇതിനകം നാല് തവണ മാത്രമാണ് അപ്രകാരം നടന്നത്. 1968-69ല്‍ ചില സംസ്ഥാന സര്‍ക്കാരുകള്‍ കാലാവധി പൂര്‍ത്തിയാകാതെ നിലംപതിച്ചതോടെയാണ് ഇതില്‍ മാറ്റം വന്നത്.
രാജ്യസഭാ മുന്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മുന്‍ ധനകാര്യ കമ്മീഷന് ചെയര്മാന് എന്‍.കെ സിംഗ്, മുന്‍ ലോക്സഭാ സെക്രട്ടറി ജനറല്‍ സുഭാഷ് കശ്യപ്, മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെ എന്നിവരും ഉള്‍പ്പെടുന്ന സമിതിയാണ് രാഷ്ട്രപതിക്ക് ശിപാര്‍ശ നല്‍കിയത്.






