
ആലപ്പുഴ : മുന്‍ കായകുളം എസ്എഫ്ഐ ഏരിയ സെക്രട്ടറി നിഖില്‍ തോമസ് ഉള്‍പ്പെട്ട വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ അച്ചടക്ക നടപടി നേരിട്ട അധ്യാപകന് പ്രിന്സിപ്പലിന്റെ് ചുമതല നല്കാന് നീക്കം. എംഎസ്എം കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് താഹക്ക് വീണ്ടും ചുമതല നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രിന്സിപ്പലിന്റെ് പൂര്‍ണ ചുമതല നല്കുന്ന ഫയല്‍ ഇന്നത്തെ സിന്‍ഡിക്കേറ്റ് ചര്‍ച്ച ചെയ്യും. കഴിഞ്ഞദിവസം ചേര്‍ന്ന് സിന്‍ഡിക്കേറ്റ് ഉപ-സമിതി ഫയലിന് അംഗീകാരം നല്‍കിയിരുന്നു.
കായംകുളം എംഎസ്എം കോളജില്‍ ബിരുദ വിദ്യാര്‍ഥിയായിരുന്നു നിഖില്‍ തോമസ്. പരീക്ഷ പാസാകാതെ കലിംഗ സര്‍വകലാശാലയുടെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുമായി ഇതേ കോളജില്‍ എംകോമിന് ചേര്‍ന്നതാണ് വിവാദത്തിന് വഴിവച്ചത്.
നിഖിലിന്റെ ബികോം സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന ആരോപണവുമായി എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ വിദ്യാര്‍ഥിനിയായിരുന്നു രംഗത്തെത്തിയത്. സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ വീഴ്ചയുണ്ടായി എന്ന് കണ്ടെത്തിയതിനാണ് മുഹമ്മദ് താഹ അച്ചടക്ക നടപടി നേരിട്ടത്.






