
ആപ്പിൾ ഉപകരണങ്ങൾ റിട്ടേണെത്തിയപ്പോൾ വ്യാജനായെന്ന പരാതിയുമായി ഡെലിവറി സ്ഥാപനം. ആമസോൺ, ഫ്ലിപ്കാർട്ട്, അജിയോ, റിലയൻസ് അടക്കമുള്ള ഓൺലൈൻ സൈറ്റുകളിൽ നിന്ന് വിതരണം ചെയ്യാനെത്തിയ ആപ്പിൾ ഉപകരണങ്ങളാണ് വ്യാജ ഉത്പന്നങ്ങളുമായി മാറ്റിയ ശേഷം റിട്ടേൺ നൽകാനായി എത്തിച്ചത്. ഗുരുഗ്രാമിലെ ബിലാസ്പൂരിലെ ഒരു ഡെലിവറി സ്ഥാപനമാണ് പരാതിയുമായി എത്തിയിരിക്കുന്നത്. വാച്ച്, എയർ പോഡുകൾ, എന്നിവ അടക്കമുള്ള ഉപകരണങ്ങളാണ് ഇത്തരത്തിൽ വ്യാജനായി മാറിയതെന്നാണ് ഡെലിവറി സ്ഥാപനത്തിന്റെ പരാതി.
സ്ഥാപനം വിതരണത്തിനായി 62 ആപ്പിൾ വാച്ചുകളും 17 എയർ പോഡുകളുമാണ് നൽകിയത്. എന്നാൽ ഉപഭോക്താക്കളുടെ മേൽവിലാസം തെറ്റായതിന് പിന്നാലെ തിരികെ അയച്ചത് വ്യാജ ഉത്പന്നങ്ങളാണെന്നാണ് പരാതി. ഗുരുഗ്രാമിലെ പത്ത്രേരിയാണ് സ്ഥാപനത്തിന്റ പ്രധാന വിതരണ കേന്ദ്രം.
ഇവിടെ നിന്ന് പാർസലുകൾ സ്കാൻ ചെയ്ത ശേഷമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉപഭോക്താക്കൾക്കായി വിതരണം ചെയ്യുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ആമസോണിൽ നിന്ന് ഇത്തരത്തിൽ വിതരണത്തിനായി ലഭിച്ച ഉത്പന്നങ്ങൾ ഡെലിവറിക്കായി ജീവനക്കാരൻ കൊണ്ടുപോയി. എന്നാൽ നൽകിയ അഡ്രസ് തെറ്റിയിരുന്നതിനാൽ ഇവ ബിലാസ്പൂരിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു.
സെക്യൂരിറ്റി മാനേജർ പോലീസിന് നൽകിയ പരാതിയിൽ ഒറിജിനൽ ഉത്പന്നങ്ങളെ ആരോ വ്യാജനുമായി മാറ്റി വച്ചെന്നാണ് വിശദമാക്കുന്നത്.






