
കൊച്ചി: മുന്‍ ഡി.ജി.പി. ജേക്കബ് തോമസിനെതിരേ തെളിവില്ലെങ്കിലും കുറേകൂടി വിശദമായി പരിശോധിക്കാന്‍ സമയം തേടി വിജിലന്‍സ്. ഡ്രഡ്ജര്‍ അഴിമതിക്കേസില്‍ ജേക്കബ് തോമസിനെതിരേ നടക്കുന്ന അന്വേഷണം പൂര്‍ത്തിയാക്കി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിലാണു വിജിലന്‍സ് ഇക്കാര്യം വ്യക്തമാക്കിയത്. മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്നു സുപ്രീംകോടതി പരിഗണിക്കും.
ഡ്രഡ്ജര്‍ ഇടപാടുമായി ബന്ധപ്പെട്ട് അന്വേഷിച്ച സുപ്രധാന രേഖയോ തെളിവിന്റെ അംശമോ കണ്ടെത്താനായില്ല. സംസ്ഥാന തുറമുഖ വകുപ്പു ഡയറക്ടറായിരിക്കേ, ഹോളണ്ട് കമ്പനിയില്‍നിന്നു ഡ്രഡ്ജര്‍ വാങ്ങി സര്‍ക്കാരിനു 20 കോടി നഷ്ടമുണ്ടാക്കിയെന്നാണു ജേക്കബ് തോമസിനെതിരായ അരോപണം. പൊതുമേഖലാ കമ്പനിയുള്‍പ്പെടെ രണ്ടു കമ്പനികള്‍ ടെണ്ടര്‍ നല്കി. എന്നാല്‍, ഹോളണ്ട് കമ്പനിക്കു കരാര്‍ നല്കാന് ജേക്കബ് തോമസ് അത്യുത്സാഹം കാണിച്ചെന്നാണു സര്‍ക്കാര്‍ നിലപാട്. അതിന്റെ കാരണമന്വേഷിക്കാന്‍ കുറച്ചുകൂടി സമയം വേണമെന്നാണു സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.
ഒന്നില്‍കൂടുതല്‍ കമ്പനികള്‍ ടെണ്ടറില്‍ പങ്കെടുത്താല്‍, റീടെണ്ടര്‍ ആവശ്യമില്ല. എന്നാല്‍, റീടെണ്ടര്‍ വേണമെന്നു ജേക്കബ് തോമസ് വാശിപിടിച്ചു. വിദേശ കമ്പനിക്കു കരാര്‍ ലഭിക്കാന്‍ ജേക്കബ് തോമസ് ഉല്‍സാഹിയായിരുന്നു. എന്നാല്‍, തെളിവുകള്‍ ലഭ്യമല്ലെന്നും കൂടുതല്‍ അന്വേഷണം നടത്തണമെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ടിലുണ്ട്. അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് അഭയ് എസ്. ഓക അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ നവംബറിലാണു നിര്‍ദേശിച്ചത്. ജേക്കബ് തോമസിനെ കുറ്റവിമുക്തനാക്കിയതിനെതിരേ, സംസ്ഥാന സര്‍ക്കാരും സത്യന് നരവൂരുമാണു ഹര്‍ജികള്‍ നല്‍കിയത്.
ഡ്രഡ്ജര്‍ ഇടപാടുമായി ബന്ധപ്പെട്ട രേഖ വ്യാജമായി ചമച്ചതാണെന്നാണു വിജിലന്‍സ് ആരോപിച്ചത്. ആരോപണത്തിന്റെ നിജസ്ഥിതി ഉറപ്പാക്കാന്‍ ഈ രേഖ ഉള്‍പ്പടെ കണ്ടെത്തി അന്വേഷണം പൂര്‍ത്തിയാക്കാന്‍ വിജിലന്‍സിനു രണ്ടുമാസം സമയം സുപ്രീംകോടതി അനുവദിച്ചിരുന്നു. ധനകാര്യ വകുപ്പു നടത്തിയ അന്വേഷണത്തിലും അതു കണ്ടെത്തിയില്ലെന്നാണു വിജിലന്‍സ് പറഞ്ഞത്. ഈ രേഖ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണു അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം, അഴിമതിക്കേസില്‍ അന്വേഷണത്തില്‍ ഒരു തെളിവും കണ്ടെത്താനായിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ജേക്കബ് തോമസും കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടുണ്ട്. വിജിലന്‍സ് ഡയറക്ടറായിരിക്കേ ഉന്നതര്‍ക്കെതിരേ കേസെടുത്തതിലുള്ള പകപോക്കലാണു തനിക്കെതിരായ കേസെന്നും ജേക്കബ് തോമസ് ആരോപിക്കുന്നു.ഡ്രഡ്ജര്‍ വാങ്ങിയതിനു സര്‍ക്കാരിന്റെ ഭരണാനുമതിയുണ്ടെന്നു ഹൈക്കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
ഇടപാടിനു പര്‍ച്ചേസ് കമ്മിറ്റിയുടെ അംഗീകാരമുണ്ടെന്ന ജേക്കബ് തോമസിന്റെ വാദവും കോടതി അംഗീകരിച്ചിരുന്നു. എന്നാല്‍, കരാറിനു മുമ്പുതന്നെ വിദേശ കമ്പനിയുമായി ജേക്കബ് തോമസ് ആശയവിനിമയം നടത്തിയെന്നായിരുന്നു വിജിലന്‍സിന്റെ ആരോപണം. കോണ്‍ഗ്രസ് നേതാവ് സത്യന് നരവുരിനെതിരേ മണല്‍ ഖനനത്തിനു നടപടിയെടുത്തതിന്റെ വൈരാഗ്യം തീര്‍ക്കാനാണു പരാതിയെന്നും വിജിലന്‍സ് ഉദ്യോഗസ്ഥരുമായി കൂട്ടുചേര്‍ന്നുള്ള പരാതി രാഷ്ട്രീയപ്രേരിതമെന്നുമാണു ജേക്കബ് തോമസിന്റെ ആരോപണം.






