
തിരുവനന്തപുരം: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരും സര്‍ക്കാരും തമ്മിലുള്ള ഭിന്നതയില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. ഐഎഎസ്കാരും സര്‍ക്കാരും തമ്മില്‍ പ്രശ്നങ്ങള്‍ ഇല്ലെന്നും അഴിമതിക്കേസുകളില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഐഎഎസുകാരുടെ വികാരം തെറ്റാണെന്ന് അവരെ ബോധ്യപ്പെടുത്തി. ഉദ്യോഗസ്ഥരുമായി സംസാരിച്ച് പ്രശ്നം പരിഹരിച്ചതാണ്. ഉദ്യോഗസ്ഥരുമായി സര്‍ക്കാരിന് നല്ല ബന്ധമാണ് ഉള്ളതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ വിമര്‍ശനത്തെ തുടര്‍ന്ന് സ്ഥാനമൊഴിയാന്‍ തയാറെടുത്ത ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനെ സഹപ്രവര്‍ത്തകര്‍ പിന്തിരിപ്പിച്ചിരുന്നു.
മുന്‍ മന്ത്രി ഇ.പി.ജയരാജന് ഉള്‍പ്പെട്ട ബന്ധുനിയമന കേസുമായി ബന്ധപ്പെട്ടു വ്യവസായ അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയെ പ്രതിയാക്കിയ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിലപാടിനെതിരേ അവധിയെടുത്തു പ്രതിഷേധിക്കാനുള്ള ഐഎഎസ് ഉദ്യോഗസ്ഥരുടെ തീരുമാനമാണു മുഖ്യമന്ത്രിയുടെ ശാസനയ്ക്ക് ഇടയാക്കിയത്.






