
അടിമാലി: മാങ്കുളത്ത് വാഹാപകടസ്ഥലത്ത് രക്ഷാപ്രവത്തനം വെല്ലുവിളിയായി. പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ 200 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ വാഹനത്തില്‍ നിന്നും യാത്രക്കാരെ രക്ഷപ്പെടുത്തിയത് ഏറെ പണിപ്പെട്ട്. ടെമ്പോ ട്രാവലറിലെ വിനോദയാത്രാ സംഘത്തോടൊപ്പം ഇന്നോവയില്‍ ഉണ്ടായിരുന്ന സഹയാത്രികരും നാട്ടുകാരും പൊതുപ്രവര്‍ത്തകരും മണിക്കൂറുകള്‍ ശ്രമിച്ചശേഷമാണ് എല്ലാവരേയും പറത്തെത്തിച്ചത്.
തുടര്‍ന്ന് വിവിധ ജീപ്പുകളിലും മാങ്കുളം പഞ്ചായത്തിന്റെ ആംബുലന്‍സിലുമായാണ് പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ഡ്രൈവര്‍ ഉള്‍പ്പെടെ 14 മുതിര്‍ന്നവരും മൂന്ന് കുട്ടികളുമാണ് വാഹനത്തിലുണ്ടായിരുന്നത്. മാങ്കുളം - ആനക്കുളം റോഡില്‍ വൈകിട്ട് നാലോടെയാണ് ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞത് അറിഞ്ഞപ്പോള്‍ മുതല്‍ ആനക്കുളത്തു നിന്നും മാങ്കുളത്ത്നിന്നും രക്ഷാപ്രവര്‍ത്തകര്‍ ഇവിടേക്ക് പാഞ്ഞെത്തി. കിട്ടിയ വാഹനങ്ങളില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് എത്തിക്കാന്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പുലര്‍ത്തി. ഇതിനിടെ അടിമാലി ടൗണില്‍ വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ പൊതുജനവും രംഗത്തിറങ്ങി.
പോലീസും റവന്യൂവകുപ്പ് ഉള്‍പ്പെടെ ഉദ്യോഗസ്ഥസംഘവും ആരോഗ്യപ്രവര്‍ത്തകരും ആശുപത്രിവളപ്പിലേക്കും പാഞ്ഞെത്തി. പരിമിത സൗകര്യത്തില്‍ താലൂക്ക് ആശുപത്രിയിലെ ജീവനക്കാരും നന്നേ പണിപ്പെട്ടു. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ച സമയം മുതല്‍ എ രാജ എംഎല്‍എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ആശുപത്രിയില്‍ ചെലവഴിച്ചു. രാത്രിയോടെ വിദഗ്ദ്ധ ചികിത്സയ്ക്കായി നാലുപേരെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി.
പ്രാഥമിക ചികിത്സ വൈകി
അപകടം നടന്നശേഷം ഏറെ പണിപ്പെട്ട് യാത്രക്കാരെ രക്ഷപ്പെടുത്തിയെങ്കിലും പ്രാഥമിക ചികിത്സ വൈകിയത് ദുരന്തത്തിന്റെ കാഠിന്യം വര്‍ദ്ധിപ്പിച്ചു. മാങ്കുളത്ത് പ്രാഥമിക ആരോഗ്യകേന്ദ്രം ഉണ്ടെങ്കിലും അവിടെ ഡോക്ടര്‍മാരും സൗകര്യങ്ങളും കുറവാണ്. പരിക്കേറ്റവരുമായി കല്ലാര്വഴി അടിമാലിയിലേക്ക് എത്തണമെങ്കില്‍ 50 കിലോമീറ്റര്‍ യാത്ര ചെയ്യണം. പലയിടത്തും റോഡ് പൊട്ടിപ്പൊളിഞ്ഞ കിടക്കുന്നതും ചികിത്സ വൈകിക്കാന്‍ കാണമായി. പരിക്കേറ്റവരുമായി ഏഴു വാഹനങ്ങളിലായി അടിമായി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇവിടെയും സൗകര്യങ്ങള്‍ പരിമിതമായിരുന്നു.
അപകടത്തുരുത്തായി പേമരത്തിലെ ഗ്രോട്ടോവളവ്
മാങ്കുളം ആനക്കുളം റോഡിലെ ഗ്രോട്ടോവളവ് അക്ഷരാര്‍ത്ഥത്തില്‍ അപകടത്തുരുത്തായി മാറുന്നു. ഈ റോഡിലെ പേമരം എന്ന ഭാഗത്താണ് ഇന്നലെ ടെമ്പോട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞത്. ബിഎം.ആന്റ് ബി.സി. നിലവാരത്തില്‍ ടാറിംഗ് പൂര്‍ത്തിയാക്കിയതാണ് ഈ വഴി. ഒരു വര്‍ഷത്തിനിടയില്‍ 18 അപകടങ്ങള്‍ ഈ മേഖലയില്‍ ഉണ്ടായതായി പ്രദേശവാസികള്‍ പറയുന്നു. ഇതില്‍ ഏറ്റവും വലിയ ദുരന്തമാണ് ഇന്നലത്തേത്.
ആനക്കുളം മാങ്കുളം മേഖലയിലേക്കുള്ള റോഡ് കുത്തനെയുളള കയറ്റിറക്കങ്ങളും വളവുകളും നിറഞ്ഞതാണ്. പേമരം ഭാഗത്തിന് സമീപം കുത്തിറക്കങ്ങളില് വാഹനങ്ങള്‍ സദാസമയവും ബ്രേക്ക് ഉപയോഗിച്ചാണ് പോകുന്നത്. വഴി പരിചയമില്ലാത്ത ഡ്രൈവര്‍മാര്‍ ഓടിക്കുന്ന വാഹനം ഇവിടെ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിയുന്നതും പതിവാണ്.






