
തൂത്തുക്കുടി: കാണാതായ ഒരു കുട്ടിക്ക് വേണ്ടിയുള്ള തിരച്ചില്‍ തമിഴ്നാട് പോലീസ് പൊളിച്ചത് കുട്ടികളെ തട്ടിക്കൊണ്ടുപോയി വില്‍പ്പന നടത്തുന്ന രണ്ടംഗസംഘത്തെ. ഇവര്‍ തട്ടിക്കൊണ്ടുപോയ മറ്റ് മൂന്ന് കൂട്ടികളെയും കണ്ടെത്തി. തൂത്തുക്കുടി പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിലാണ് ഇവര്‍ കുടുങ്ങിയത. സംഭവത്തില്‍ കറുപ്പസാമി എന്ന സാമി, രാജന് എന്ന രാജന് എന്നിവരെ ചൊവ്വാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.
മാതാപിതാക്കളില്‍ നിന്ന് കുഞ്ഞുങ്ങളെ തട്ടിയെടുത്ത ശേഷം കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് വില്‍ക്കുകയാണ് ഇവര്‍ ചെയ്തിരുന്നത്. ഇവരില്‍ നിന്നും നാല് കുട്ടികളെ കണ്ടെത്തി. തിരിച്ചറിഞ്ഞ മൂന്ന് കുട്ടികളെ തെങ്കാശി ജില്ലയിലെ ആലങ്ങുളത്ത് നിന്ന് പ്രത്യേക പോലീസ് സംഘം രക്ഷപ്പെടുത്തി. അന്വേഷണത്തോടുള്ള അവരുടെ ശാസ്ത്രീയ സമീപനമാണ് കേസ് പൊളിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് എട്ടിന് രാത്രി വി.ഇ.റോഡിലെ അന്തോണിയാര്‍ പള്ളിക്ക് സമീപത്ത് നിന്ന് തന്റെ നാല് മാസം പ്രായമുള്ള മകളെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് ഒരു സ്ത്രീ തൂത്തുക്കുടി സൗത്ത് പോലീസ് സ്റ്റേഷനില്‍ മാര്‍ച്ച് 9 ന് നല്കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. പോലീസ് പത്ത് പ്രത്യേക സംഘങ്ങളായി തിരിഞ്ഞായിരുന്നു തെരച്ചില്‍ തുടങ്ങിയത്.
കറുപ്പസാമിയെയും രാജനെയും പിടിക്കുന്നതിന് മുമ്പ് മൂന്നോ നാലോ ദിവസങ്ങളിലായി 300 സിസിടിവി ദൃശ്യങ്ങളെങ്കിലും പരിശോധിച്ചതായി പ്രത്യേക സംഘത്തിലെ ഒരു അംഗം പറഞ്ഞു. മാര്‍ച്ച് 8 രാത്രി മുതല്‍ മാര്‍ച്ച് 9 രാവിലെ വരെ ആ പ്രദേശത്തെ ഭൂരിഭാഗം ഫൂട്ടേജുകളിലും ഇരുവരെയും കണ്ടതായി അദ്ദേഹം പറഞ്ഞു. ഞായറാഴ്ചയാണ് പ്രതികളുടെ ചിത്രങ്ങള്‍ പോലീസ് പരസ്യമായി പങ്കുവെച്ചത്. രക്ഷപ്പെടുത്തിയ കുട്ടികളില്‍ ഒരാളെ 2023ല്‍ കുലശേഖരപട്ടണം സ്റ്റേഷനിലും മറ്റൊരാളെ 2022ല്‍ തിരുച്ചെന്തൂര്‍ സ്റ്റേഷനിലും കാണാതായതായി പോലീസിന് പരാതി കിട്ടിയിരുന്നു. മൂന്നാമത്തെ കുട്ടിയെയും 2022ല്‍ തിരുച്ചെന്തൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയെങ്കിലും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഒരു കുഞ്ഞ് ഒഴികെ ബാക്കിയുള്ള കുട്ടികളെല്ലാം കാട്ടുനായ്ക്കന്‍ സമുദായത്തില്‍പ്പെട്ടവരാണ്. ഇവര്‍ പരാതിയുമായി പോലീസില്‍ എത്തില്ല എന്നതായിരുന്നു ഈ വിഭാഗത്തിലെ കുട്ടികളെ ലക്ഷ്യമിട്ടിരുന്നതിന് കാരണം. ദരിദ്രരുടെയോ നാടോടികളായവരുടെയോ കുട്ടികളെയാണ് പ്രതികള്‍ ലക്ഷ്യമിട്ടത്. തിരുച്ചെന്തൂര്‍ മുരുകന് ക്ഷേത്രത്തിലും കുലശേഖരപട്ടണം മുത്തരാമന് ക്ഷേത്രത്തിലും ആള്‍ക്കൂട്ടം തിങ്ങിനിറഞ്ഞ ഉത്സവത്തിനെത്തിയപ്പോഴായിരുന്നു ഇവര്‍ കുട്ടികളെ കടത്തിക്കൊണ്ടുപോയത്. തുടര്‍ന്ന് കുട്ടികളെ കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് വില്‍ക്കുകയായിരുന്നു.
ദമ്പതിമാരില്‍ ഒരാള്‍ക്ക് 24 വര്‍ഷം കഴിഞ്ഞിട്ടും മറ്റൊരാള്‍ക്ക് വിവാഹം കഴിഞ്ഞ് 15 വര്‍ഷമായിട്ടും കുട്ടികളുണ്ടായില്ല. ''ഈ ദമ്പതികളില്‍ നിന്ന് കുട്ടികളെ വേര്‍പെടുത്തുന്നത് ഹൃദയഭേദകമായിരുന്നു. എന്നിരുന്നാലും, നിയമം നടപ്പാക്കേണ്ടതുണ്ട്,'' പ്രത്യേക സംഘത്തിലെ ഒരു അംഗം പറഞ്ഞു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കാന്‍ നാല് കുട്ടികളെ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ക്ക് കൈമാറി, അതിലൂടെ അവരെ അവരുടെ ജൈവ കുടുംബങ്ങളുമായി കൂട്ടിച്ചേര്‍ക്കും.






