
കട്ടപ്പന: മുത്തച്ഛനും നവജാത ശിശുവും കൊലപ്പെട്ട സംഭവത്തില്‍ പോലീസിനെ കുഴക്കി വീണ്ടും പ്രതികള്‍. കേസിലെ പ്രധാന പ്രതികളായ പാറക്കടവ് പുത്തന്‍പുരയ്ക്കല്‍ നിതീഷ് (രാജേഷ്-31), കക്കാട്ടുകട നെല്ലിപ്പള്ളില്‍ വിഷ്ണു വിജയന് (27) എന്നിവരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്തതോടെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നത്.
നവജാത ശിശുവിനെ കൊലപ്പെടുത്തിയെന്നും തെളിവ് നശിപ്പിക്കാനായി മൃതദേഹം കത്തിച്ച് തോട്ടില്‍ ഒഴുക്കിയെന്നുമാണ് ഇരുവരും മൊഴി നല്‍കിയിരിക്കുന്നത്. 2016ലാണ് സംഭവം നടന്നതെന്നാണ് മൊഴികളില്‍ നിന്നും വ്യക്തമാകുന്നത്. ഇതിനാല്‍ തന്നെ മൃതദേഹാവശിഷ്ടം 2018ലെ പ്രളയത്തില്‍ ഒലിച്ചു പോയെന്ന നിഗമനത്തിലാണ് പോലീസ്. കൊല്ലപ്പെട്ട വിജയന്റെ മൃതദേഹം കണ്ടെത്തിയെങ്കിലും കുട്ടിയുടെ അവശിഷ്ടം ഇനി കണ്ടെത്താന്‍ സാധ്യതയില്ലെന്നാണ് അനേ്വഷണ സംഘം കരുതുന്നത്.
പോലീസ് കസ്റ്റഡിയില്‍ ലഭിച്ച നിതീഷിനെയും വിഷ്ണുവിനെയും ഇന്നലെ കക്കാട്ടുകടയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ പരസ്പരം പഴിചാരിയും കുറ്റപ്പെടുത്തിയുമായിരുന്നു രണ്ടു പ്രതികളുടെയും പെരുമാറ്റം. കൊലപാതകം നടത്തിയത് നിതീഷ് ആണെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തന്നെ കൂടെ നിര്‍ത്തിയതാണെന്നുമായിരുന്നു വിഷ്ണുവിന്റെ മൊഴി.
വിഷ്ണുവിന്റെ കാലിനു പരുക്കേറ്റ് ചികിത്സയില്‍ ആയിരുന്നതിനാല്‍ ഇരുവരെയും ഒരുമിച്ചു തെളിവെടുപ്പിന് എത്തിക്കുവാന്‍ അനേ്വഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. പരുക്ക് ഭേദമായതിന് പിന്നാലെ വിഷ്ണുവിനെ കഴിഞ്ഞ ദിവസം കട്ടപ്പന കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. കട്ടപ്പന എസ്.എച്ച്.ഒ: എന്‍. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അനേ്വഷണ സംഘമാണ് പ്രതികളെയുമായി തെളിവെടുപ്പ് നടത്തിയത്.
വിജയനെ മറവു ചെയ്ത സ്ഥലം കോണ്‍ക്രീറ്റ് ചെയ്യുന്നതിനായി സമീപത്തെ സ്ഥലത്ത് നിന്നും ഇരുവരും ചേര്‍ന്ന് മണല്‍ മോഷ്ടിച്ചിരുന്നു. തെളിവെടുപ്പിനിടെ പ്രതികളെ ഇവിടെയും എത്തിച്ചിരുന്നു.






