
പത്തനംതിട്ട: അമ്പത് പുത്തന്‍ അമൃത് ഭാരത് ട്രെയിനുകള്‍ കൂടി ഓടിക്കാന്‍ റെയില്‍വേ ബോര്‍ഡ് നടപടിയാരംഭിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്നോടിയായി നടത്തിയ പ്രഖ്യാപനം ജനമനസുകളില്‍ കയറാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കമാണെന്ന വിമര്‍ശനം ശക്തം.
ഇതിനായി ചെെന്നെയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി, റായ്ബറേലിയിലെ മോഡേണ്‍ കോച്ച് ഫാക്ടറി, കപൂര്‍ത്തലയിലെ റെയില്‍കോച്ച് ഫാക്ടറി എന്നിവിടങ്ങളില്‍ 1230 കോച്ചുകള്‍ നിര്‍മ്മിക്കാനാണ് നീക്കം. ചെെന്നെയില്‍ 429 അമൃത് കോച്ചുകളും റായ്ബറേലിയില്‍ 246 കോച്ചുകളുമാണ് നിര്‍മ്മിക്കുക. യാത്രീകര്‍ക്ക് മികച്ച യാത്രാനുഭവം വാഗ്ദാനം ചെയ്തുകൊണ്ടാണ് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസായ അമൃത് ഭാരത് അവതരിപ്പിക്കുന്നത്.
കഴിഞ്ഞ ഡിസംബര്‍ 30ന് രണ്ട് അമൃത് ഭാരത് ട്രെയിനുകള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. പ്രീമിയം വിഭാഗത്തിലുള്ള വന്ദേ ഭാരത് ട്രെയിനുകള്‍ സാമ്പത്തീകമായി മുന്നാക്കം നില്‍ക്കുന്നവരെ മാത്രം ലക്ഷ്യമിട്ടാണ് നിരത്തിലിറക്കുന്നതെന്ന പ്രതിപക്ഷ ആരോപണം നിലനില്‍ക്കുമ്പോഴാണ് വന്ദേ സാധാരണ് എന്നപേരില്‍ സൂപ്പര്‍ പ്രീമിയം യാത്ര വാഗ്ദാനം ചെയ്തുകൊണ്ട് 'പുഷ്പുള്‍' രീതിയില്‍ ആധുനീക ട്രെയിനുകള്‍ ഓടിക്കാന്‍ റെയില്‍വേ മന്ത്രാലയം നടപടി സ്വീകരിച്ചത്.
പിന്നീട് ഇതിന്റെ പേര് അമൃത് ഭാരത് എന്നാക്കി മാറ്റുകയായിരുന്നു.നോണ്‍ എ.സി. സ്ലീപ്പര്‍ കം അണ് റിസര്‍വ് ക്ലാസ് സേവനം ലഭ്യമാക്കുന്ന ഈ ട്രെയിന്‍ 800 കി.മീറ്ററിലധികം ദൂരത്തുള്ള നഗരങ്ങളെ ബന്ധിപ്പിക്കും വിധമാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
യാത്രാവേളയില്‍ യാതൊരുവിധ കുലുക്കവും അനുഭവപ്പെടാത്ത തരത്തില്‍ സെമി പെര്‍മനന്റ് കപ്ലര്‍ ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതുമൂലം സെക്കന്‍ഡുകള്‍ക്കുള്ളില്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. ശബ്ദവും വിറയലും കുറയ്ക്കാന്‍ സീല്‍ ചെയ്ത ഗാംഗ്്വേയുണ്ട്.
ബയോവാക്വം ടോയിലറ്റുകള്‍, സി.സി. ടിവി ക്യാമറകള്‍, സെന്‍സര്‍ അധിഷ്ഠിത വാട്ടര്‍ ടാപ്പുകള്‍, പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റ്ം, ഇലക്ട്രിക് ഔട്ലെറ്റുകള്, എല്‍.ഇ.ഡി. െലെറ്റുകള്‍ എന്നിവയെല്ലാം ആധുനിക രൂപകല്‍പ്പനകളാണ്. 130 കിലോമീറ്ററാണ് ഒാപ്പറേഷണല്‍ വേഗത.






