
തൃശൂര്‍: നര്ത്തകന് ആര്‍എല്‍വി രാമകൃഷ്ണനെതിരേ ജാതി അധിക്ഷേപം നടത്തിയതിന്റെ പേരില്‍ കലാമണ്ഡലം സത്യഭാമയ്ക്ക് എതിരേ ചാലക്കുടിയില്‍ വന്‍ പ്രതിഷേധം. ചാലക്കുടി എംഎല്‍എ സനീഷ്കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. ചാലക്കുടിയെ അപമാനിക്കുന്ന പ്രതികരണമാണ് സത്യഭാമയില്‍ നിന്നും വന്നിരിക്കുന്നതെന്നും നിയമനടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
മഹാനായ കലാകാരന് ആര്‍എല്‍വി രാമകൃഷ്ണനെതിരേ നവോത്ഥാന കാലഘട്ടത്തില്‍ പോലും ജാതിയുടേയും നിറത്തിന്റെയും പേരില്‍ വംശീയ അധിഷേപം നടത്തിയത് ആധുനിക കേരളത്തിന് യോജിക്കാത്ത നടപടിയാണെന്നും പറഞ്ഞു. ഇതില്‍ സത്യഭാമയയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടകയ്ക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ചാലക്കുടി മുനിസിപ്പല്‍ ചെയര്മാന് അടക്കമുള്ളവര്‍ പ്രതിഷേധത്തില്‍ ഉണ്ടായിരുന്നു. കാക്കയെപ്പോലെ കറുത്തിരിക്കുന്നയാളെന്നും മോഹിനിയാട്ടത്തിന് കൊള്ളത്തയാളെന്നും മറ്റും യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശമാണ് കലാമണ്ഡലം സത്യഭാമയെ വിവിവാദത്തിലാക്കിയിരിക്കുന്നത്.
ആര്‍എല്‍വി രാമകൃഷ്ണന്റെ പേരെടുത്ത് പറയാതെ അദ്ദേഹത്തെ ലാക്കാക്കിയായിരുന്നു പ്രതികരണം. ''എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്‍ മോഹിനിയായിരിക്കണം. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ല.'' സത്യഭാമ പറഞ്ഞു.
കാക്കയെപോലെ കറുത്തവന്, മോഹിനിയാട്ടത്തിന് വേണ്ടുന്ന സൗന്ദര്യമില്ലാത്തവന് എന്നൊക്കെ പറയുമ്പോള്‍ ഇന്നത്തെ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ഇപ്പോള്‍ വീട്ടമ്മമാര്‍ പോലും തങ്ങളുടെ തടസ്സങ്ങള്‍ മാറ്റിവെച്ചിട്ട് നൃത്തം പഠിക്കാന്‍ വരുന്ന സാഹചര്യത്തിലാണ് ഈ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ആര്‍എല്‍വി രാമകൃഷ്ണന് പറയുന്നു.






