ന്യുഡല്‍ഹി: മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ മകനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ലോക്സഭാംഗം കൂടിയായ കാര്‍ത്തി ചിദംബരം ചൈനീസ് പൗരന്മാര്ക്ക് വിസ നല്കാന് 50 ലക്ഷം രൂപ ഇടനിലക്കാരന് വഴി കൈക്കൂലി കൈപ്പറ്റിയെന്നാണ് ആരോപണം. ചിദംബരം ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് പഞ്ചാബിലെ പ്ലാന്റില്‍ ജോലിക്കെത്തിയ ചൈനീസ് പൗരന്മാരില് നിന്നാണ് ഇടനിലക്കാരന് എസ്. ഭാസ്കരരാമന് വഴി കൈക്കൂലി കൈപ്പറ്റിയെന്നാണ് ആരോപണം.
പഞ്ചാബിലെ മാന്സയിലുള്ള താല്‍വാണ്ടി സാബൂര്‍ പവര്‍ ലിമിറ്റഡിലേക്ക് ജോലിക്കെത്തിയ ചൈനീസ് പൗരന്മാര്ക്ക് വിസ വീണ്ടും ഉപയോഗിക്കുന്നതിന് കാര്‍ത്തി ചിദംബരം അംഗീകാരം വാങ്ങിനല്‍കിയെന്ന് ഇ.ഡി ചൂണ്ടിക്കാട്ടുന്നു. ചിദംബരം കേന്ദ്ര ആഭ്യന്തര മന്ത്രിയായിരിക്കേ ഇത്തരത്തില്‍ വിസ വീണ്ടും ഉപയോഗിക്കുന്നതിന് അനുമതി ലഭിക്കാന്‍ കമ്പനി കാര്‍ത്തി ചിദംബരത്തെ സമീപിക്കുകയായിരുന്നു.
കാര്‍ത്തിക്കെതിരായ കുറ്റപത്രം ഇ.ഡി മാര്‍ച്ച് 19ന് പിഎംഎല്‍എ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കാര്‍ത്തിയുടെ കമ്പനിയായ അഡ്വാന്റേജ് സ്ട്രാറ്റെജിക് കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ്, ഭാസ്കരരാമന്, താല്‍വാണ്ടി സബോ പവര്‍ ലിമിറ്റഡ് എന്നിവര്‍ക്കെതിരെയാണ് കള്ളപ്പണം വെളുപ്പിച്ചുവെന്ന കുറ്റം ചുമത്തിയിരിക്കുന്നത്.
കമ്പനി എന്‍ട്രി ഓപറേറ്റര്‍ വഴി നല്കിയ 50 ലക്ഷത്തിന്റെ ചെക്ക് മാറി പണം ഭാസ്കരരാമന് കൈമാറി. ആ തുക ഭാസ്കരരാമന് അഡ്വാന്റേജ് സ്ട്രാറ്റെജിക് കണ്‍സള്‍ട്ടിംഗ് കമ്പനിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചുവെന്നും ഇ.ഡി പറയുന്നു.






