
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ വെള്ളം മുടങ്ങിയതോടെ പ്രതിസന്ധിയിലായി രോഗികൾ. മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പാര്ക്കും പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ ജല അതോറിറ്റിയുടെ ടാങ്കറില്‍ നിന്ന് അളന്ന് കിട്ടുന്ന വെളളം വേണം. വെളളമില്ലാത്തതിനാല്‍ കുളിക്കാന്‍ പോലുമാകുന്നില്ലെന്ന് കൂട്ടിരിപ്പുകാര്‍ പറയുന്നു. വെളളം ഉണ്ടെങ്കില്‍ മാത്രം ബാത്തറൂമില്‍ പോയാല്‍ മതിയെന്ന് പറയുതെന്ന് കൂട്ടിരിപ്പുകാര്‍ പറഞ്ഞു.
ജല അതോറിറ്റി ടാങ്കറിൽ വെള്ളമടിക്കുന്നുണ്ടെങ്കിലും ദൈനംദിന ആവശ്യങ്ങൾക്ക് തികയില്ല. കോവൂരിലെ പ്രധാന പൈപ്പ് പൊട്ടിയതോടെ രണ്ട് ദിവസമായി മായനാട്, ഒഴുക്കര, ചേവായൂർ തുടങ്ങിയ സ്ഥലങ്ങളിലൊന്നും വെള്ളം കിട്ടുന്നില്ല. ഒരു ടാങ്കറിന് 1500 രൂപ നൽകിയാണ് കിണറില്ലാത്തവർ വെള്ളം വാങ്ങുന്നത്. ദിവസവും നൂറുകണക്കിനാളുകൾ എത്തുന്ന മെഡിക്കൽ കോളേജിൽ സ്ഥിതി രൂക്ഷമാണ്.
പണി നടക്കുന്നുണ്ടെന്നും ഉടൻ പ്രശ്നം പരിഹരിക്കുമെന്നാണ് ജല അതോറിറ്റിയുടെ വിശദീകരണം. നിരന്തരം പൈപ്പ് പൊട്ടി വെള്ളം മുടങ്ങുന്നതിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ മാസം കോഴിക്കോട് കുന്ദമംഗലത്ത് പൈപ്പ് പൊട്ടിയപ്പോഴും ദിവസങ്ങളോളം വെള്ളം മുടങ്ങിയിരുന്നു.






