നോയിഡ: കഠിനാദ്ധ്വാനം കൊണ്ട് സമ്പാദിച്ച ഫ്ളാറ്റ് സ്വന്തം പേരിലേക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കാത്ത പ്രദേശിക ഭരണകൂടത്തിനെതിരായ പ്രതിഷേധം വോട്ടിലുടെ പ്രകടിപ്പിക്കാന്‍ നോയിഡ, ഗ്രേറ്റര്‍ നോയിഡ എന്നിവിടങ്ങളിലെ ഫ്ളാറ്റ് ഉടമകള്‍. ഫ്ളാറ്റ് രജിസ്റ്റര്‍ ചെയ്തു നല്‍കാമെന്ന ഉറപ്പ് കിട്ടാതെ ഫ്ളാറ്റുകളില്‍ പ്രചാരണത്തിന് ഒരു പാര്‍ട്ടിയേയും അനുവദിക്കില്ലെന്നാണ് ഇവരുടെ നിലപാട്. ഇതുസംബന്ധിച്ച ബാനര്‍ ഫ്ളാറ്റ് സമുച്ചയത്തിലെ ഗേറ്റിനു മുന്നില്‍ സ്ഥാപിച്ചു.
' നോ രജിസ്ട്രി, നോ വോട്ട്', എന്ന പേരിലാണ് പ്രചാരണം. ഇത്തരം ബാനറുകള്‍ നോയിഡയിലേയും ഗ്രേറ്റര്‍ നോയിഡയിലേയും നിരവധി പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിലവിലെ ബിജെപി എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഡോ.മഹേഷ് ശര്‍മ്മയുടെ ഇടപെടല്‍ വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
ഗര്ഡേനിയ ഗ്ലോറി സെക്ടര്‍ 46 നോയിഡ, ഫ്യൂടെക് ഗേറ്റവേ സെക്ടര്‍ 75, ഹിമാലയന്‍ പ്രൈഡ്, മഗ്രറ്റര് നോയിഡ വെസ്റ്റിലെ നിരാല ഗ്രീന്‍സ്, നിരാല ഗ്ലോബല്‍ എന്നിവയുടെ മുന്നിലാണ് പ്രധാനമായും ബാനറുകളുള്ളത്. പല ഫ്ളാറ്റുകളിലും താമസിക്കുന്നവര്‍ രണ്ട് വര്‍ഷത്തിലേറെയായി രജിസ്ട്രേഷന് ഓഫീസില്‍ കയറിയിറങ്ങുന്നുവെങ്കിലും അധികൃതര്‍ അനങ്ങുന്നില്ലെന്നാണ് പരാതി. പ്രദേശിക ഭരണകൂടമാണ് തടസ്സം നില്‍ക്കുന്നതെന്നും ഇവര്‍ പറയുന്നു.






