
കൊച്ചി: കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിന്റെ ഭാഗമായ പിറവം ഉള്‍പ്പെടുന്ന മേഖലയില്‍ ബി.ഡി.ജെ.എസ്. സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയെ നേരിടാന്‍ ഇടതുമുന്നണിയുടെ വനിതാ സ്പെഷ്യല്‍ സ്ക്വാഡ് രംഗത്ത്.
ബി.ഡി.ജെ.എസ്. സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുന്ന മണ്ഡലത്തില്‍ സമുദായ വോട്ടുകളുടെ ഏകീകരണം തടയാനാണ് ഇടതുമുന്നണിയുടെ നീക്കം. ഇടതിന്റെ വോട്ടുബാങ്കില്‍ നിര്‍ണായക സ്വാധീനമുള്ള ഈഴവ വോട്ടുകള്‍ തുഷാറിനു ലഭിക്കുമെന്ന ആശങ്കയാണ് കാരണം. പരമ്പരാഗത ഇടതുവോട്ടുകള്‍ കോട്ടയം മണ്ഡലത്തില്‍ മത്സരിക്കുന്ന തോമസ് ചാഴികാടന് പൂര്‍ണമായി കിട്ടുമോ എന്ന ആശങ്കയുണ്ട്.
പാര്‍ട്ടി ചിഹ്നത്തില്‍ മാത്രം വോട്ടുചെയ്തു ശീലമുള്ള ഇടത് അനുഭാവികള്‍ ആശയക്കുഴപ്പത്തിലാണെന്ന് ഇടതുപക്ഷ നേതൃത്വവും കരുതുന്നു. ശാഖകള്‍ കേന്ദ്രീകരിച്ച് എസ്.എന്‍.ഡി.പിയുടെ െമെക്രോ ഫിനാന്‍സ് പദ്ധതിയുടെ ഭാഗമായ കുടുംബയോഗങ്ങള്‍ മണ്ഡലത്തില്‍ സജീവമാണ്. വനിതകള്‍ ഏറെയും പങ്കെടുക്കുന്ന ഇത്തരം യോഗങ്ങളില്‍ വോട്ടുകള്‍ സ്വാധീനിക്കപ്പെടുമെന്നാണ് കരുതുന്നത്.
എറണാകുളം ജില്ലയില്‍ പിറവം നിയോജക മണ്ഡലം പൂര്‍ണമായും കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിന്റെ ഭാഗമാണെന്നിരിക്കെ, ഈ മേഖലയിലാണ് വനിതാ സ്ക്വാഡുകള്‍ രംഗത്തിറങ്ങുക. ഓരോ ബൂത്തിലും 25 പേരടങ്ങുന്ന സ്ക്വാഡുകള്‍ വനിതാ വോട്ടര്‍മാരെ നേരില്‍ക്കാണാന്‍ ഇറങ്ങും.
ഇരുമ്പനം മുതല്‍ തിരുവാങ്കുളം, ചോറ്റാനിക്കര, മുളന്തുരുത്തി, എടയ്ക്കാട്ടുവയല്‍, മണീട്, രാമമംഗലം, കൂത്താട്ടുകുളം, തിരുമാറാടി, ഇലഞ്ഞി വരെ നീളുന്ന 166 ബൂത്തുകളുള്ള വലിയ മണ്ഡലമായ പിറവത്തെ വോട്ടുകള്‍ കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ നിര്‍ണായകമാണ്.






