
ന്യൂഡൽഹി: ഗ്യാന്‍വാപി മസ്ജിദിൽ ഹിന്ദുമത വിഭാഗത്തിന്റെ പ്രാർത്ഥനയ്ക്ക് നൽകിയ അനുമതിയിൽ സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.
നിലവറ ഭാഗത്ത് ഹിന്ദു വിഭാഗത്തിന് പ്രാര്‍ത്ഥന തുടരാം. പൂജ അനുവദിച്ച ജില്ലാ കോടതി ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവെച്ചത് ചോദ്യം ചെയ്താണ് പള്ളി കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചത്.
സുപ്രീം കോടതി ജൂലായിൽ കേസിൽ അന്തിമവാദം കേൾക്കും. മസ്ജിദ് കമ്മിറ്റിയുടെ ഗ്യാൻവാപിയിലെ തെക്കൻ നിലവറയിലെ പൂജ സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. നിലവറയിലെ പൂജ പള്ളിയിലെ നിസ്കാരത്തിന് തടസ്സമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി തല്ക്കാലം രണ്ടും തുടരട്ടെ എന്ന് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ചിന്റേതാണ് നിർദ്ദേശം.
ഹൈക്കോടതി ഗ്യാൻവാപി പള്ളിയിലെ തെക്കെ നിലവറയിൽ പൂജയ്ക്ക് അനുമതി നൽകിയ ജില്ലാ കോടതി ഉത്തരവിൽ നിലവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയാണ് അപ്പീൽ തള്ളിയത്. എല്ലാ തെളിവുകളും പരിശോധിച്ചാണ് ജില്ലാ കോടതി ഉത്തരവിട്ടത്. 1993 വരെ നിലവറകളിൽ പൂജ നടന്നിരുന്നു എന്നതിന് വ്യക്തമായ രേഖകളുണ്ട്. ഇത് തടഞ്ഞ അന്നത്തെ സംസ്ഥാന സർക്കാർ നടപടി നിയമവിരുദ്ധമാണ്. ആരാധന നടത്താനുള്ള വ്യാസ് കുടുംബത്തിന്റെ അവകാശം ഹനിക്കപ്പെട്ടു. ഇത് ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കുന്ന ഭരണഘടനയുടെ 25ആം ആനുച്ഛേദത്തിൻറെ ലംഘനമാണെന്നും ഉത്തരവിൽ പറയുന്നു.
വ്യാസ് കുടുംബത്തിന്റെ കൈവശമായിരുന്നില്ല നിലവറകൾ എന്ന പള്ളിക്കമ്മറിയുടെ വാദം കോടതി തള്ളി. നാലു ദിവസം വിശദവാദം കേട്ടാണ് ഹൈക്കോടതി വിധി പറഞ്ഞത്. പള്ളിക്ക് താഴെ തെക്കുഭാഗത്തുള്ള നിലവറയില്‍ വിഗ്രഹങ്ങളുണ്ടെന്ന് കാട്ടിയാണ് ആരാധനയ്ക്കുള്ള ഹർജി എത്തിയത്. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസീബിന്റെ ഭരണകാലത്ത് ഹിന്ദു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളില്‍ നിര്‍മ്മിച്ചതാണ് പള്ളിയെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കോടതിയുടെ ഉത്തരവനുസരിച്ച് നടത്തിയ സര്‍വേയില്‍ അഭിപ്രായപ്പെട്ടിരുന്നു.






