
മലയാള സിനിമയുടെ മാസ്റ്റര്‍പീസുകളില്‍ ഒന്നായി മാറുകയാണ് ബ്ലെസി-പൃഥ്വിരാജ് കോമ്പോയില്‍ റിലീസ് ചെയ്ത ‘ആടുജീവിതം’. ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കി ചെയ്ത ഈ സിനിമ മലയാള സിനിമയ്ക്ക് എന്നും അഭിമാനിക്കാവുന്ന ചിത്രമായി മാറിയിരിക്കുകയാണ്. ഇതിലെ നജീബ് എന്ന കഥാപാത്രമായി എത്തി പ്രേക്ഷകമനസ്സ് കീഴടക്കുന്ന പൃഥ്വിരാജ്, നജീബ് അനുഭവിച്ചതിന്റെ വ്യാപ്തിയും ആഴവും എത്രത്തോളം ആണെന്ന് മനസിലാക്കിത്തരുകയാണ്. ഓരോ പ്രേക്ഷകന്റെയും കണ്ണ് ഈറനണിയിക്കുന്ന സിനിമ ഇറങ്ങിയ അന്നുമുതല്‍ നജീബ് വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്.
ഇപ്പോഴിതാ യഥാർത്ഥ നജീബുമായി പൃഥ്വിരാജ് നടത്തിയ അഭിമുഖം പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘റീല്‍ ആൻഡ് റിയല്‍ ജേർണി’ എന്ന പേരില്‍ നിർമാതാക്കളായ വിഷ്വല്‍ റൊമാൻസിന്റെ യുട്യൂബ് ചാനല്‍ വഴിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തില്‍ ‘ഇനി എന്നെങ്കിലും എപ്പോഴെങ്കിലും അവിടെ പോയി ആ സ്ഥലമൊന്ന് കാണാന്‍ അവസരം കിട്ടിയാല്‍ പോകുമോ ?’ എന്ന് പൃഥ്വിരാജ് ചോദിക്കുന്നത് കാണാം. ‘ഇല്ല’ എന്നാണ് നജീബ് പറയുന്ന മറുപടി. 1991ലാണ് വീട്ടിലെ പ്രാരാബ്ദം കാരണം വിദേശത്തേക്ക് പോകുന്നതെന്നാണ് നജീബ് പറയുന്നത്. ‘മുന്‍പും ഥാർത്ഥ ആളുകളെ സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്, എന്നാല്‍ ഇതാദ്യമായാണ് അങ്ങനെ ഒരാളെ നേരില്‍ കാണുന്നത്. ഇതൊരു ദൈവീക അനുഭവമായാണ് കാണുന്നത്...’ പൃഥ്വി പറയുന്നു. ഇത്തരം അനുഭവങ്ങളുണ്ടായിട്ടുള്ള വ്യക്തികളുടെ പ്രതിനിധിയായി തിരഞ്ഞെടുത്തതാണ് നജീബിനെ എന്നും ദൈവം തെരഞ്ഞെടുത്ത ആളാണ് താങ്കളെന്നും പൃഥ്വിരാജ് പറയുന്നുണ്ട്.
അതിജീവനത്തിന്റെ കാര്യങ്ങളും, അർബാബിനെ കൊന്നിട്ട് രക്ഷപ്പെടാം എന്ന ചിന്ത മനസില്‍ ഉണ്ടായിരുന്നു, നോവലിന് ശേഷമാണ് താൻ അനുഭവിച്ച കാര്യങ്ങള്‍ പൂർണമായും വീട്ടുകാർ അറിയുതെന്നും നജീബ് പൃഥ്വിയോട് പറയുന്നുണ്ട്. ഇരുവരുടെയും സംസാരത്തിനിടയില്‍ പൃഥ്വിയും ഇമോഷണല്‍ ആകുന്നുണ്ട്. വീഡിയോ പുറത്തു വന്നതിന് പിന്നാലെ നിരവധി പേരാണ് പൃഥ്വിയെ അഭിനന്ദിച്ച് കൊണ്ട് രംഗത്ത് എത്തുന്നത്. നാല് ദിവസത്തില്‍ അന്‍പത് കോടി കളക്ഷന്‍ നേടിയ ചിത്രം, ഇപ്പോള്‍ 60 കോടിക്ക് മേല്‍ നേടിക്കഴിഞ്ഞിട്ടുണ്ട്.
നജീബുമായുള്ള അഭിമുഖത്തിന്റെ വീഡിയോ പൃഥ്വിയും ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. യൂട്യൂബ് ലിങ്കും താരം പങ്കുവച്ചിട്ടുണ്ട്.






