
നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വരുണ്‍ഗാന്ധിക്ക് ബിജെപി സീറ്റ് നിഷേധിച്ചതിന് പിന്നാലെ പ്രതികരണവുമായി മാതാവ് മനേകാഗാന്ധി. താന്‍ ബിജെപിക്കാരി ആയതില്‍ സന്തോഷമുണ്ടെന്നും സീറ്റ് തന്നതിന് ബിജെപി നേതാക്കള്‍ക്ക് നന്ദിയുണ്ടെന്നും പറഞ്ഞു. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ 10 ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു മനേകാഗാന്ധി.
ബിജെപി എംപി വരുണ്‍ ഗാന്ധിക്ക് അദ്ദേഹത്തിന്റെ മണ്ഡലമായ പിലിഭിത്തില്‍ ഇത്തവണ ടിക്കറ്റ് നിഷേധിച്ചിരുന്നു. സുല്‍ത്താന്‍പുരിയിലാണ് മനേകാഗാന്ധിക്ക് ബിജെപി സീറ്റ് നല്‍കിയിരിക്കുന്നത്. ''ഞാന്‍ ബിജെപിയില്‍ ആയതില്‍ വളരെ സന്തോഷമുണ്ട്. എനിക്ക് ടിക്കറ്റ് തന്നതിന് അമിത് ഷാ, പ്രധാനമന്ത്രി മോദി, നദ്ദ ജി എന്നിവര്‍ക്ക് ഞാന്‍ നന്ദി പറയുന്നു. വളരെ വൈകിയാണ് ടിക്കറ്റ് പ്രഖ്യാപിച്ചത്, എവിടുന്ന് പോരണം എന്നറിയാതെ കുഴങ്ങുകയായിരുന്നു. പിലിഭിത്തില്‍ നിന്നോ സുല്‍ത്താന്‍പൂരില്‍ നിന്നോ. പാര്‍ട്ടി ഇപ്പോള്‍ എടുത്ത തീരുമാനത്തിന് ഞാന്‍ നന്ദിയുള്ളവനാണ്, ''അവര്‍ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
സുല്‍ത്താന്‍പൂരില്‍ തിരിച്ചെത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്നും സുല്‍ത്താന്‍പൂരില്‍ ഒരു എംപിയും വീണ്ടും അധികാരത്തില്‍ വരാത്ത ചരിത്രമാണ് ഈ സ്ഥലത്തിനുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് ശേഷം മനേകാ ഗാന്ധിയുടെ സുല്‍ത്താന്‍പൂരിലെ ആദ്യ സന്ദര്‍ശനമായിരുന്നു ഇത്. ജില്ലയിലെ 10 ദിവസത്തെ സന്ദര്‍ശനത്തില്‍ മുഴുവന്‍ ലോക്സഭാ മണ്ഡലത്തിലെയും 101 ഗ്രാമങ്ങള്‍ അവര്‍ സന്ദര്‍ശിക്കും.
കട്ക ഗുപ്തര്‍ഗഞ്ച്, തത്യാനഗര്‍, തെദുയി, ഗോലാഘട്ട്, ഷാഗഞ്ച് സ്ക്വയര്‍, ദരിയാപൂര്‍ തിരഹ, പയാഗിപൂര്‍ സ്ക്വയര്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ബിജെപി നേതാവിന് ഊഷ്മളമായ സ്വീകരണം നല്‍കിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സന്ദര്‍ശന വേളയില്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെയും പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയുടെയും പ്രതിമകളില്‍ മനേകാ ഗാന്ധി ആദരമര്‍പ്പിച്ചു.
നേരത്തെ, ഉത്തര്‍പ്രദേശിലെ പിലിഭിത്തുമായുള്ള തന്റെ ബന്ധം അവസാന ശ്വാസം വരെ അവസാനിക്കില്ലെന്ന് വരുണ്‍ ഗാന്ധി തന്റെ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ഹൃദയസ്പര്‍ശിയായ ഒരു കത്ത് എഴുതിയിരുന്നു.






