
തിരുവനന്തപുരം: സംസ്ഥാനത്തടക്കം രാജ്യത്തു വരാനിരിക്കുന്നത് ഉഷ്ണ തരംഗ നാളുകള്‍. ഈ മാസം മുതല്‍ മണ്‍സൂണ്‍ തുടങ്ങുന്ന ജൂണ്‍ വരെ കൊടും ചൂടിന്റെ നാളുകള്‍ ആയിരിക്കുമെന്നു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതേ സമയം സംസ്ഥാനത്തു വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ വേനല്‍ മഴ ലഭിക്കും. രാജ്യത്തിന്റെ മധ്യഭാഗത്തും പടിഞ്ഞാറന്‍ ഭാഗത്തുമായിരിക്കും താപനില വര്‍ധിക്കുകയെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മൊഹാപത്ര മുന്നറിയിപ്പ് നല്കി.
വേനല്‍ മഴ ലഭിക്കുമെങ്കിലും കേരളത്തില്‍ വരും ദിവസങ്ങളില്‍ പലയിടങ്ങളിലും താപനില 40 ഡിഗ്രി കടന്നേക്കും. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ രാജ്യത്തിന്റെ മിക്കഭാഗങ്ങളിലും താപനില ഉയരും. പടിഞ്ഞാറന്‍ ഹിമാലയന്‍ മേഖല, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, വടക്കന്‍ ഒഡിഷ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ കൊടുംചൂടിനും സാധ്യതയുണ്ടെന്ന് മൊഹാപത്ര പറയുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 10 മുതല്‍ 20 ദിവസം വരെ ഉഷ്ണതരംഗം ഉണ്ടാകാനിടയുണ്ട്. സാധാരണഗതിയില്‍ ഇതു നാലുമുതല്‍ എട്ട് ദിവസം വരെയാണ്.
ഗുജറാത്ത്, മധ്യ മഹാരാഷ്ട്ര, ഉത്തര കര്‍ണാടക, രാജസ്ഥാന്, മധ്യപ്രദേശ്, ഒഡീഷ, ഛത്തീസ്ഗഡ്, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളിലാണ് ഉഷ്ണതരംഗത്തിന്റെ ആഘാതം കൂടുതലായി അനുഭവപ്പെടാന്‍ സാധ്യത. ദക്ഷിണേന്ത്യയുടെ മധ്യ ഭാഗങ്ങളിലും താപനില കുത്തനെ കൂടും.
ആറു വരെ വിവിധ ജില്ലകളില്‍ സാധാരണയെക്കാള്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 11 ജില്ലകളില്‍ യെലോ അലെര്‍ട്ട് പ്രഖ്യാപിച്ചു.
കൊല്ലം, പാലക്കാട് ജില്ലകളില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 37 ഡിഗ്രി വരെയും, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരും. നേരിട്ടു സൂര്യപ്രകാശം ഏല്ക്കുന്നതു പരമാവധി ഒഴിവാക്കണമെന്നു ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും മുന്നറിയിപ്പ് നല്കി.






