
തിരുവനന്തപുരം : ഡ്രസ്സിംങ് റൂമിലെ മോശം പെരുമാറ്റത്തിന് മലയാളി ക്രിക്കറ്റ് താരം സഞ്ജു വി. സാംസണിന് കെ.സി.എയുടെ താക്കീത്. കെ.സി.എ നിയോഗിച്ച അച്ചടക്ക സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിന്റെ അടിസ്ഥാനത്തില്‍ സഞ്ജു ഇനി മുതല്‍ കര്‍ശന നിരീക്ഷണത്തിലായിരിക്കും.
സഞ്ജുവിന് പുറമേ അച്ഛന് സാംസണിനെതിരെയും കെ.സി.എ നടപടി സ്വീകരിച്ചിട്ടുണ്ട്. പരിശീലകനുമായോ കോച്ചുമായോ സാംസണ് ഇടപെഴകേണ്ടതില്ലെന്നും കളി നടക്കുന്ന മൈതാനങ്ങളിലോ പരിശീലന സ്ഥലങ്ങളിലോ അനുവാദമില്ലാതെ പ്രവേശിക്കരുതെന്നുമാണ് സാംസണിനെ വിലക്കിയിരിക്കുന്നത്.
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഗോവയ്ക്കെതിരായ മത്സരത്തിനിടെയാണ് സഞ്ജുവിന്റെ ഭാഗത്തു നിന്നും അച്ചടക്ക ലംഘന നടപടിയുണ്ടായത്. കളിക്കളത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് ഡ്രസിങ് റൂമിലെത്തിയ സഞ്ജു അതിരുവിട്ട് രോഷം പ്രകടിപ്പിക്കുകയായിരുന്നു. കെ.സി.എ പ്രസിഡന്റ് ടി.സി മാത്യുവിനോട് ഫോണില്‍ മോശമായി സംസാരിച്ചുവെന്ന ആരോപണത്തിലാണ് സഞ്ജുവിന്റെ പിതാവ് സാംസണിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.






