
അടൂര്‍: വിഷുക്കണി ഒരുക്കാന്‍ കൊന്നപ്പൂവില്ലേ? വിഷമിക്കണ്ട, വിപണിയില്‍ എത്തിയിരിക്കുകയാണ് തുണിയില്‍ തീര്‍ത്ത കൊന്നപ്പൂക്കള്‍. പ്ലാസ്റ്റിക്ക് തണ്ടില്‍ തുണിമിശ്രിതത്തില് നിര്‍മ്മിച്ച കൊന്നപ്പൂക്കള്‍ വന്‍തോതിലാണു വിപണിയില്‍ എത്തിയിട്ടുള്ളത്. ഇത്തരം പൂക്കള്‍ പൂക്കടയിലും ഫാന്‍സി സ്റ്റോഴ്സുകള്ക്കു മുന്നിലും മനോഹര കാഴ്ചയൊരുക്കുന്നു.
ഒറ്റനോട്ടത്തില്‍ യഥാര്‍ഥ പൂവാണെന്ന് തോന്നും. ബംഗളൂരുവില്‍ നിന്നാണ് ഇവ എത്തിയത്. ഒരു തണ്ട് പൂവിന് 40 രൂപയാണ് വില. ഈ വര്‍ഷമാണ് ഇത്തരം പൂക്കള്‍ വിപണിയില്‍ കൂടുതലായി എത്തി തുടങ്ങിയത്. യഥാര്‍ത്ഥ കൊന്നപ്പൂക്കള്‍ ഒന്നോ രണ്ടോ ദിവസം മാത്രമേ പൊഴിയാതിരിക്കുകയുള്ളൂ. അതിനാല്‍ ദീര്‍ഘകാലം ഇവ ഉപയോഗിക്കാന്‍ കഴിയില്ല. വിപണിയില്‍ ഇപ്പോള്‍ ലഭിക്കുന്ന തുണിമിശ്രിത കൊന്നപ്പൂക്കള്‍ കാറുകള്‍ ഓട്ടോറിക്ഷകള്‍, ബസുകള്‍, മറ്റ് വാഹനങ്ങളിലും വീടിന്റെ ചുവരുകളില്‍ അലങ്കാരത്തിനായും വാങ്ങി തൂക്കുന്നുണ്ട്.
വിഷു അടുക്കാറാകുമ്പോള്‍ തുണിമിശ്രിത കൊന്നപ്പൂവിനു പ്രിയമേറുമെന്നു കരുതുന്നതായി കെ.എസ്.ആര്.ടി.സി. ജങ്ഷനില്‍ പൂവ് വില്‍പ്പന നടത്തുന്ന ജിജോ പൂണിയില്‍ പറഞ്ഞു. യഥാര്‍ത്ഥ കൊന്നപ്പൂവിന് ക്ഷാമം നേരിട്ടതും തുണിമിശ്രിത പൂക്കളുടെ വരവിനു കാരണമായി.






