
ഫ്ലോറിഡ: കോണ്‍കകാഫ് ചാമ്പ്യന്‍സ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യ പാദത്തില്‍ ഇന്റെര്‍ മയാമിക്ക് തോല്‍വി. മെക്സിക്കന്‍ ക്ലബ് മൊണ്ടെറി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇന്റര്‍ മയാമിയെ പരാജയപ്പെടുത്തി.
ലയണല്‍ മെസ്സിയില്ലാതെ ഇറങ്ങിയ മയാമി ആദ്യ പകുതിയില്‍ മുന്നിട്ട് നിന്നിരുന്നു. മത്സരത്തിന്റെ 19-ാം മിനിറ്റിൽ ഇന്റർ മയാമി മുന്നിലെത്തി. അർജന്റീനൻ യുവതാരം ടോമസ് അവിലേസ് മയാമി സംഘത്തെ മുന്നിലെത്തിച്ചു. ലയണൽ മെസ്സിയില്ലാതെ ഇറങ്ങിയ മയാമി സംഘത്തിന് ആശ്വാസം പകരുന്ന നിമിഷമായിരുന്നു ഇത്. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിൽ നിൽക്കാനും ഇന്റർ മയാമിക്ക് സാധിച്ചു.
65-ാം മിനിറ്റിൽ ഡേവിഡ് റൂയിസ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ ഇന്റർ മയാമി സംഘം 10 പേരായി ചുരുങ്ങി. പിന്നാലെ മൊണ്ടറി സമനില പിടിച്ചു. മാക്സിമിലിയാനോ മെസ മൊണ്ടറിയ്ക്കായി ഗോൾ നേടി. 89-ാം മിനിറ്റിലെ ജോർജ് റോഡ്രിഗ്സ് നേടിയ ഗോളിൽ മൊണ്ടറി ആദ്യ പാദ ക്വാർട്ടറിൽ വിജയത്തിലേക്കെത്തി.





