
തിരുവനന്തപുരം : ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പില്‍ എന്‍.എസ്.എസ് ആരുടേയും പക്ഷം പിടിക്കില്ല. സമദൂരമാണ് സംഘടനയുടെ നിലപാടെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വിശദീകരിച്ച സാഹചര്യത്തിലാണിത്.
സെക്രട്ടേറിയറ്റിന് സമീപം എന്‍.എസ്.എസ്. തുടങ്ങിയ പത്മാകഫേയുടെ ഉദ്ഘാടനം അക്ഷരാര്‍ത്ഥത്തില്‍ പരോക്ഷ രാഷ്ട്രീയ സൂചനകളുടേതു കൂടിയായി. തിരുവനന്തപുരം ജില്ലയില്‍ രണ്ടു ലോക്സഭാ മണ്ഡലങ്ങളാണുള്ളത്. ഇതില്‍ തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരും ആറ്റിങ്ങലിലെ ബി.ജെ.പി സ്ഥാനാര്‍ഥി വി.മുരളീധരനും ചടങ്ങില്‍ പങ്കെടുത്തു. സംഘാടകര്‍ക്ക് തുല്യമായ പ്രധാന്യം ചടങ്ങില്‍ തരൂരിന് കിട്ടുകയും ചെയ്തു. ഒരു തരത്തിലും വോട്ടിങ്ങിനെ സ്വാധീനിക്കുന്നതൊന്നും എന്‍.എസ്.എസ്. ചെയ്യില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. അതേ സമയം, തരൂരിനെ പുകഴ്ത്തുകയും ചെയ്തു. ശശി തരൂര്‍ ഡല്‍ഹി നായര്‍ അല്ലെന്നും അസല്‍ നായരാണെന്നും എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി പറഞ്ഞു. മുമ്പു ഡല്‍ഹി നായര്‍ എന്നു വിളിച്ചതിനെ പരാമര്ച്ചായിരുന്നു പ്രസ്താവന.
'അന്ന് എനിക്കുണ്ടായ ഒരു ധാരണാപിശക് ഞാന്‍ തിരുത്തിയിട്ടുണ്ട്. അസല്‍ നായരാണെന്നു ഞാന്‍ പറഞ്ഞു. അതുകൊണ്ടാണ് അന്ന് അദ്ദേഹത്തെ യോഗത്തിന് വിളിച്ചത്. എന്‍.എസ്.എസിന് രാഷ്ട്രീയമില്ല. ഈ തെരഞ്ഞെടുപ്പിലും സമദൂര നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സംഘടനയില്‍ പെട്ട ആളുകള്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് വോട്ട് ചെയ്യാം. അതിന് ജാതിയോ മതമോ ഇല്ല.-സുകുമാരന്‍ നായര്‍ പറഞ്ഞു. കേന്ദ്ര - സംസ്ഥാന ഭരണങ്ങളെ വിലയിരുത്താനുള്ള സമയമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്‍.എസ്.എസ് ഈ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനേയോ കോണ്‍ഗ്രസിനേയോ ബി.ജെ.പിയേയോ പരസ്യമായി എതിര്‍ക്കുകയോ അനുകൂലിക്കുകയോ ചെയ്യില്ലെന്ന സന്ദേശമാണ് സുകുമാരന്‍ നായര്‍ നല്‍കുന്നത്. ഇതിനിടയിലും തരൂരിനെ പുകഴ്ത്തിയത് താഴെ തട്ടില്‍ ചര്‍ച്ചയാക്കാനാണ് തിരുവനന്തപുരത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. അതിനിടെ പത്രികാ സമര്‍പ്പണ ചടങ്ങുള്ളതുകൊണ്ടാണു കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖറിന് പത്മാകഫേ ചടങ്ങില്‍ എത്താന്‍ കഴിയാത്തതെന്ന് ബി.ജെ.പി നേതൃത്വം പറഞ്ഞു. എന്‍.എസ്.എസിന്റെ സമദൂരം രാജീവ് ചന്ദ്രശേഖറിന് അനുകൂലമാകുമെന്നാണ് അവരുടേയും പ്രതീക്ഷ.






