
സംസ്ഥാന ശിശുക്ഷേമ സമിതിയൃടെ കീഴിലുളള അമ്മത്തൊട്ടിലുകളിൽ വെള്ളിയാഴ്ച ലഭിച്ചത് രണ്ടു കുഞ്ഞുങ്ങളെ. ആലപ്പുഴയിൽ പെൺകുട്ടിയെയും തിരുവനന്തപുരത്ത് ആൺകുട്ടിയെയുമാണ് ലഭിച്ചത്.
വെള്ളിയാഴ്ച പുലർച്ചെ ഒന്നര മണിക്കാണ് ആലപ്പുഴയിലെ അമ്മത്തൊട്ടിലിൽ മൂന്നുദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ലഭിച്ചത്. അതേ ദിവസം രാത്രി 9.50നാണ് നാലുദിവസം പ്രായമുള്ള ആൺകുട്ടി തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ സംരക്ഷണത്തിനായി എത്തിയത്.
കുരുന്നുകൾക്ക് മാനവ്, മാനവി എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി പത്രക്കുറിപ്പിൽ അറിയിച്ചു.
ജാതി മത വർഗ്ഗ ഭാഷാ വ്യത്യാസമില്ലാതെ നല്ല മൂല്യങ്ങളിലും ചിന്തയിലുമൂന്നി ദേശീയത എന്ന സങ്കല്പം മനസ്സിൽ അതിരുകൾ വരയ്ക്കാതെ മനുഷ്യ മനസ്സുകളെ ഒന്നായി കണ്ട് മാനവീകതയുടെ ഉത്തുംഗ ശ്രേണിയിലേക്ക് വഴിനടത്തുക എന്നത് ഓരോ രാഷ്ട്രത്തിൻറെയും ഭരണാധികാരികളുടേയും ഉത്തരവാദിത്വമാണ് എന്നത് ഓർമ്മിപ്പിക്കുക കൂടിയാണ് പുതിയ അതിഥികൾക്ക് ഇപ്രകാരം പേരിട്ടതെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.
മാനവിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ തുടർ ചികിത്സകൾക്കായി വണ്ടാനം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.






