
കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ.കെ. ആലിക്കുട്ടി മുസ്ലിയാര്, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു.
ഒരു മാസത്തെ റമദാന് വൃതാനുഷ്ഠാനത്തിനു ശേഷമാണ് ഇന്ന് മുസ്ലിംകള് ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്നത്. പള്ളികളിലും ഈദ് ഗാഹുകളിലും ഇന്നു രാവിലെ പെരുന്നാള്‍ നമസ്കാരം നടക്കും. ഗള്‍ഫ് രാജ്യങ്ങളിലും ഇന്നാണ് ഈദ് ആഘോഷിക്കുക. മാസപ്പിറവി കാണാത്തതിനാല്‍ ഡല്‍ഹി, ലഖ്നൗ എന്നിവിടങ്ങളില്‍ നാളെയാണ് ഈദ് ആഘോഷം എന്ന് ഖാസിമാര്‍ അറിയിച്ചു.
മാസപ്പിറവി ദൃശ്യമായതായി സ്വീകാര്യ യോഗ്യമായ വിവരം ലഭിക്കാത്തതിനാല്‍ റമദാന് മുപ്പത് പൂര്‍ത്തീകരിച്ച് വ്യാഴാഴ്ച ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് തിരുവനന്തപുരം വലിയ ഖാസി ചന്തിരൂര്‍ വി.എം അബ്ദുല്ലാ മൗലവിയുടെ അധ്യക്ഷതയില്‍ മണക്കാട് വലിയ പളളി ജുമാമസ്ജിദില്‍ നടന്ന ഇമാമുമാരുടെയും മഹല്ലു ഭാരവാഹികളുടെയും സംയുക്ത യോഗം പ്രഖ്യാപിച്ചു.






