
മസാച്യുസെറ്റ്സ് (യു.എസ്): ഗര്‍ഭിണിയാക്കിയ ശേഷം അപ്രത്യക്ഷനായ ഭര്‍ത്താവിനെ തേടി ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ട് 24 മണിക്കൂറിനുള്ളില്‍ കണ്ടെത്തി യു.എസ്. യുവതി. ഭര്‍ത്താവിനെ കണ്ടെത്തി വിവാഹമോചനം നേടാനാണ് യുവതി ഫെയ്സ്ബുക്ക് സന്ദേശം കുറിച്ചത്.
മസാച്യുസെറ്റ്സില്നിന്നുള്ള ആഷ്ലി മക്ഗ്വയറാണ് ഭര്‍ത്താവും, രണ്ടുകുട്ടികളുടെ പിതാവുമായ ചാള്‍സ് വിതേഴ്സിനായി ഫെയ്സ്ബുക്കില്‍ വലവിരിച്ചത്. നെറ്റിസണ്‍സ് ആ അഭ്യര്‍ഥന നടപ്പാക്കുകയും ചെയ്തു.'' എനിക്ക് അയാളെ കണ്ടെത്തി ഏതാനും പേപ്പറുകളില്‍ ഒപ്പിട്ട് വാങ്ങണം. ആ അധ്യായം അവസാനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രണ്ടു മക്കളുടെ പിതാവായ ഇയാള്‍ മൂത്ത കുട്ടിയെ ഒരു വര്‍ഷമായി കണ്ടിട്ടില്ല.
രണ്ടാമതുണ്ടായ കുട്ടിയുടെ മുഖം പോലും കണ്ടിട്ടില്ല''- എന്നും ആഷ്ലി സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു. ''ഭര്‍ത്താവ് ബ്രിട്ടീഷുകാരനാണെന്നും സുന്ദരനും സുമുഖനുമാണെന്നും, ഷെഫ് ആയാണ് ജോലി ചെയ്യുന്നതെന്നും, ഹോട്ടല്‍ വ്യവസായത്തിന്റെ ഭാഗമാണെന്നും ആഷ്ലി കുറിച്ചു. മസാച്യുസെറ്റ്സില്‍ ഭാര്യയും കുട്ടിയുമുണ്ടെന്ന് അയാള്‍ ഒരുപക്ഷേ വെളിപ്പെടുത്തിയിട്ടുണ്ടാകില്ലെന്നും ആഷ്ലിയുടെ പോസ്റ്റില്‍ പറയുന്നു. ''നിങ്ങള്‍ക്ക് അയാളെ അറിയാമെങ്കില്‍, അയാള്‍ക്കൊപ്പം ജോലി ചെയ്യുന്നുണ്ടെങ്കില്‍, അയാളുമായി ഡേറ്റിങ്ങിലാണെങ്കില്, അയാള്‍ സുഹൃത്താണെങ്കില്‍ ദയവായി എന്നെ വിവരം അറിയിക്കൂ. അയാളെ കണ്ടെത്താന്‍ സഹായിക്കൂ'' - ആഷ്ലി കുറിച്ചു.
ആഷ്ലിയുടെ പോസ്റ്റ് സാമൂഹിക മാധ്യമങ്ങളില്‍ ശരവേഗം വൈറലായി. അമേരിക്കന്‍ ജനത അവളുടെ തെരച്ചില്‍ ഏറ്റെടുത്തു. പോസ്റ്റ് ഇട്ട് 24 മണിക്കൂറിനുള്ളില്‍ ആഷ്ലി തേടിനടന്ന ഭര്‍ത്താവിനെ നെറ്റിസണ്‍സ് കണ്ടുപിടിച്ചു കൊടുക്കുകയായിരുന്നു. ഒരു ഫെയ്സ്ബുക്ക് ഗ്രൂപ്പ് ആണ് ഇയാള്‍ ഡല്ലാസില്‍ ഒളിച്ചു താമസിക്കുന്നതായി കണ്ടെത്തിയത്. ഇതോടെ ആഷ്ലി വീണ്ടുമൊരു സന്ദേശം ഫെയ്സ്ബുക്കിലിട്ടു: ''ഒളിച്ചിരുന്ന എന്റെ ഭര്‍ത്താവിനെ കണ്ടെത്തുവാന്‍ സഹായിച്ച എല്ലാവര്ക്കും നന്ദി.
എനിക്ക് അയാളെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശ്യമില്ല. ആരും അയാളെ വെറുക്കുന്നതോ, ഭീഷണിപ്പെടുത്തുന്നതോ ആയ സന്ദേശങ്ങള്‍ അയയ്ക്കരുതെന്നും അപേക്ഷിക്കുന്നു'' ''സത്യമായും ഈ സാഹചര്യം പരിഹരിക്കപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അതുവഴി എനിക്കും എന്റെ കുട്ടികള്‍ക്കും ഞങ്ങളുടെ ജീവിതം പുനരാരംഭിക്കാം. സംഭവിച്ച കേടുപാടുകള്‍ പരിഹരിക്കാം''-ആഷ്ലി ഫെയ്സ്ബുക്കില്‍ കുറിച്ചു.






