
തൃശൂര്‍: ടൗണ്‍ ഈദ്ഗാഹ് കമ്മിറ്റി സി.എം.എസ്. സ്കൂള്‍ അങ്കണത്തില്‍ സംഘടിപ്പിച്ച ഈദ്ഗാഹില്‍ വീണ്ടും സാമുദായിക സാഹോദര്യത്തിന്റെ പൂക്കള്‍ വിരിഞ്ഞു. ക്രൈസ്തവ മാനേജ്മെന്റിന്റെ സ്കൂളങ്കണമാണ് സൗഹൃദത്തിന്റെ നാല് പതിറ്റാണ്ടിന് സാക്ഷിയായത്. നാല് പതിറ്റാണ്ട് മുമ്പാണ് ക്രൈസ്തവ മാനേജ്മെന്റ് നടത്തുന്ന സി.എം.എസ്. ഹൈസ്കൂള്‍ അങ്കണത്തില്‍ ഈദ്ഗാഹ് സംഘടിപ്പിക്കാന്‍ ടൗണ്‍ ഈദ്ഗാഹ് കമ്മിറ്റി തീരുമാനിച്ചത്.
സ്കൂള്‍ മാനേജ്മെന്റ് അതിന് സൗകര്യങ്ങള്‍ ഒരുക്കുകയായിരുന്നു ഈദ്ഗാഹ് കമ്മിറ്റിയുടെ ക്ഷണം സ്വീകരിച്ച് തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, പി. ബാലചന്ദ്രന് എം.എല്‍.എ., മേയര്‍ എം.കെ. വര്‍ഗീസ്, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് സുന്ദര്‍ മേനോന്, തൃശൂര്‍ പബ്ലിക് ലൈബ്രറിയുടെയും തൃശൂര്‍ സൗഹൃദവേദിയുടെയും സെക്രട്ടറി പ്രഫ. ജോണ്‍ സിറിയക്, അഖില കേരള എഴുത്തഛന് സമാജം സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.ആര്. സുരേഷ്, ചേതന സംഗീത നാട്യ അക്കാദമി ഡയറക്ടര്‍ ഫാ. പോള്‍ പൂവത്തിങ്കല്‍, സംസ്ഥാന വനിത വികസന കോര്പ്പറേഷന് അംഗം എം.ഡി. ഗ്രേസ്, തൃശൂര്‍ സൗഹൃദവേദി നിര്‍വാഹക സമിതി അംഗങ്ങളായ ടി.കെ. വാസു, ജെയിംസ് മുട്ടിക്കല്‍, കെ.എം. ജയപ്രകാശ് എന്നിവര്‍ എത്തി.
ഈദ്ഗാഹിലെ നമസ്കാരത്തിന് നേതൃത്വം നല്കിയ തൃശൂര്‍ ഹിറ മസ്ജിദ് ചീഫ് ഇമാം മുനീര്‍ വരന്തരപ്പിള്ളിയുടെ നേതൃത്വത്തില്‍ ഈദ്ഗാഹ് കമ്മിറ്റി അംഗങ്ങള്‍ ഇവരെ സ്വീകരിച്ചു. കൊന്നപ്പൂക്കളുമായാണ് ആര്‍ച്ച് ബിഷപ്പ് എത്തിയത്.






