
കൊച്ചി : നടിയെ ആക്രമിച്ച സംഭവത്തിലെ മെമ്മറി കാര്‍ഡ് ദൃശ്യം രാത്രി ഒരു മണിക്കു പരിശോധിച്ചിട്ടുണ്ടന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു അതിജീവിത അന്വേഷണമാവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണസംഘത്തിന്റെ താല്പര്യപ്രകാരമായിരുന്നു അതിജീവിതയുടെ നീക്കം. തന്റെ സ്വകാര്യതയെ ബാധിക്കുന്ന ഗുരുതര വിഷമായതിനാല്‍, സത്യാവസ്ഥ കണ്ടെത്തണമെന്നാണു അതിജിവിതയുടെ ഹര്‍ജി. 2018 ല്‍ അങ്കമാലി മജിസ്ട്രേട്ട് മെമ്മറി കാര്‍ഡ് ഒരുമാസമാണു സ്വകാര്യ കസ്റ്റഡിയില്‍ സൂക്ഷിച്ചത്.
പോലീസ് ഇതേപ്പറ്റി അന്വേഷിച്ചെങ്കിലും കൂടുതല്‍ മുന്നോട്ടുപോകാതെ ഇടയ്ക്കുവച്ചു നിര്‍ത്തി, അതിജീവിതയെകൊണ്ടു പരാതി കൊടുപ്പിക്കുകയായിരുന്നു. ചില ഉന്നതരും ദൃശ്യം കണ്ടെന്ന മൊഴി ലഭിച്ചതിനെത്തുടര്‍ന്നാണു പോലീസ് അന്വേഷണം നിര്‍ത്തിയതെന്നും സൂചനയുണ്ട്.
അതിനാല്‍, മെമ്മറി കാര്‍ഡ് ദൃശ്യം മറ്റാരെങ്കിലും കണ്ടോ, കോടതി ജീവനക്കാര്‍ക്കു സാമ്പത്തികനേട്ടമുണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കേണ്ടി വരും. അതേസമയം, അതിജീവിത ആവശ്യപ്പെടുംപ്രകാരം കൂടുതല്‍ അന്വേഷണത്തിനു ഹൈക്കോടതി നിര്‍ദേശിക്കാന്‍ സാധ്യതയില്ലെന്നാണു നിയമവൃത്തങ്ങളുടെ വിലയിരുത്തല്‍. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടന്ന ജുഡീഷ്യല്‍ അന്വേഷണമാണിത്.
അതിനാല്‍, മറ്റൊരു അന്വേഷണത്തിനു സാധ്യതയില്ലെന്നും അവര്‍ പറയുന്നു. ഹൈക്കോടതി നിരാകരിക്കുന്ന പക്ഷം അതിജീവിത സുപ്രീം കോടതിയെ സമീപിച്ചേക്കും. പോലീസ് അന്വേഷിച്ചാലും സംശയത്തിന്റെ ആനുകൂല്യം ജീവനക്കാര്‍ക്കു ലഭിച്ചേക്കാം. അതിനാല്‍, വകുപ്പുതല അച്ചടക്കനടപടിക്കാണു സാധ്യത കൂടുതല്‍. മൂന്നു കോടതികളിലും മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചു എന്നാണു കണ്ടെത്തല്‍.
കേസിലെ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചെന്ന അതിജീവിതയുടെ ആരോപണം ശരിവച്ചു പ്രിന്‍സിപ്പല്‍ സെഷന്‍സ് ജില്ലാ ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോര്‍ട്ട്. അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പി.എ. മഹേഷ്, വിചാരണക്കോടതി ശിരസ്തദാര്‍ താജുദ്ദീന് എന്നിവര്‍ക്കെതിരേയാണു കണ്ടെത്തല്‍. അതേസമയം, കുറ്റക്കാരെ സംരക്ഷിച്ചുള്ള വസ്തുതാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി നാളെ പരിഗണിക്കും.
മജിസ്ട്രേട്ട് ലീന റഷീദ് മെമ്മറി കാര്‍ഡ് ഒരു മാസത്തോളം സ്വകാര്യ കസ്റ്റഡിയില്‍ സൂക്ഷിച്ചു. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് അന്വേഷണം നടത്തിയത്. വിചാരണക്കോടതിയിലെ ശിരസ്തദാറും ഈ മെമ്മറി കാര്‍ഡ് പരിശോധിച്ചിട്ടുണ്ട്. ഈ വിഷയത്തിലൊന്നുംതന്നെ തുടരന്വേഷണം നടത്താനോ നടപടിയെടുക്കാനോ അന്വേഷണ റിപ്പോര്‍ട്ടില്‍ ശിപാര്‍ശയില്ല. പരിശോധനയ്ക്കിടെ മെമ്മറി കാര്‍ഡിലെ വിവരങ്ങള്‍ ദുരുപയോഗം ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അതേ സമയം, സഹപ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ വേണ്ടി തയാറാക്കിയതാണു അന്വേഷണ റിപ്പോര്‍ട്ടെന്ന് അതിജീവിത ആരോപിച്ചു. തെളിവു കസ്റ്റഡിയിലെടുത്തു ഫോറന്‍സിക് പരിശോധനയ്ക്ക് പോലും അയച്ചിട്ടില്ല. മൊഴി അതേപടി വിശ്വസിച്ചാണു റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. പരാതിക്കരിയായ തന്നെ മാറ്റിനിര്‍ത്തി രഹസ്യമായി നടത്തി ഈ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് റദ്ദാക്കണം. ഐ.ജി. റാങ്കില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥന് കേസ് അന്വേഷിക്കാന്‍ നിര്‍ദേശിക്കണമെന്നും അതിജീവിത കോടതിയില്‍ ആവശ്യപ്പെട്ടു.
കോടതി ഉത്തരവുണ്ടെങ്കില്‍ മാത്രമാണു ജഡ്ജിയ്ക്കുപോലും സേഫ് കസ്റ്റഡിയിലുള്ള തൊണ്ടികള്‍ പരിശോധിക്കാന്‍ കഴിയുക. തൊണ്ടിമുതല്‍ സീല്‍ ചെയ്തു കോടതിയിലെ ലോക്കറില്‍ സൂക്ഷിക്കുകയാണു ചെയ്യുക. ശിരസ്ദാറാണു ലോക്കറിന്റെ സൂക്ഷിപ്പുകാരന്. കേസിന്റെ ഭാഗമായി മാത്രമേ ജഡ്ജിയ്ക്കും ഇവ പരിശോധിക്കാനോ കൈവശം വയ്ക്കാനോ അധികാരമുള്ളു. അതു ലംഘിക്കപ്പെട്ടാല്‍, മജിസ്ട്രേറ്റിനെതിരേയും നടപടിയെടുക്കാം. അങ്ങനെ സൂക്ഷിക്കാമെന്ന ധാരണയിലാണ് അതു ചെയ്തതെന്നാണു മജിസ്ട്രേറ്റിന്റെ മൊഴി.
2018 ഡിസംബര്‍ 13നു ജില്ലാ ജഡ്ജിയുടെ പി.എ. മഹേഷ് തന്റെ ഫോണില്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചു. രാത്രി 10.52നു നടന്ന പരിശോധന ജഡ്ജിയുടെ നിര്ദേശപ്രകാരണമാണെന്നും മൊഴിയുണ്ട്. എന്നാല്‍ ജഡ്ജി ഇങ്ങനെ നിര്ദേശിച്ചോയെന്ന് അന്വേഷണ റിപ്പോര്‍ട്ടിന്റെ ഭാഗമായി പരിശോധിച്ചില്ല. അനധികൃത പരിശോധനകളെക്കുറിച്ചു റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും ഇവരുടെ ഫോണുകള്‍ കസ്റ്റഡിയിലെടുക്കുകയോ നടപടികള്‍ക്കു നിര്‍ദേശിക്കുകയോ ചെയ്തിട്ടില്ല.
2021 ജൂലൈ 19നു വിചാരണക്കോടതി ശിരസ്തദാര്‍ താജുദ്ദീന് മെമ്മറി കാര്‍ഡ് പരിശോധിച്ചു. തന്റെ വിവോ ഫോണിലിട്ടാണു പരിശോധിച്ചത്. ഈ ഫോണ്‍ 2022 ഫെബ്രുവരിയിലെ യാത്രക്കിടയില്‍ നഷ്ടമായെന്നും മൊഴി നല്കി. അതുകൊണ്ടുതന്നെ ഈ ഫോണില്‍ ഇട്ടാണോ പരിശോധിച്ചതെന്നു സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ മൊഴിയുടെ സാധുത പരിശോധിക്കണം. ഹാഷ്വാല്യൂ വിവാദം ഉയര്‍ന്നതിനു പിന്നാലെയാണു ഫോണ്‍ നഷ്ടപ്പെട്ടതെന്നതില്‍ ദുരൂഹതയുണ്ട്.






