
ഹാനോയി: വിയറ്റ്നാമിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തികത്തട്ടിപ്പുകേസില്‍ പ്രതിയായ വനിതാവ്യവസായിക്കു വധശിക്ഷ. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വമ്പന്‍ വ്യവസായി ട്രൂങ് മൈ ലാനിനാണ് രാജ്യത്തെ നീതിന്യായപീഠം പരമാവധി ശിക്ഷ വിധിച്ചത്. 12.5 ബില്യണ്‍ ഡോളര്‍ (ഇന്ത്യന്‍ രൂപയില്‍ ഏകദേശം 1.04 ലക്ഷം കോടി) തട്ടിച്ചെന്ന കേസില്‍ കുറ്റക്കാരിയാണെന്നു തെളിഞ്ഞതോടെയാണ് അറുപത്തേഴുകാരിയായ ലാനിനെ ഹോചിമിന്‍ സിറ്റിയിലെ കോടതി വധശിക്ഷയ്ക്കു വിധിച്ചത്. ഇതിനെതിരേ അപ്പീല്‍ സമര്‍പ്പിക്കാന്‍ ലാനിന് 15 ദിവസത്തെ സാവകാശവും കോടതി അനുവദിച്ചു. ലാനിനൊപ്പം തട്ടിപ്പില്‍ പങ്കാളികളായ മറ്റ് 84 പ്രതികള്‍ക്കു മൂന്നുവര്‍ഷം മുതല്‍ ജീവപര്യന്തംവരെ തടവുശിക്ഷ ലഭിച്ചു.
വാന്‍ തിന് ഫാറ്റെന്ന കമ്പനിയുടെ മേധാവിയായിരുന്നു ശതകോടീശ്വരിയായ ലാന്. 2012-22 കാലയളവിലാണ് കേസിന് ആസ്പദമായ സംഭവം. സൈഗോണ്‍ ജോയിന്റ് സ്റ്റോക് കൊമേഴ്സ്യല്‍ ബാങ്കി (എസ്.സി.ബി) ന്റെ പുനക്രമീകരണമെന്ന സര്‍ക്കാര്‍ നീക്കം മറയാക്കിയാണ് ലാനും സംഘവും തട്ടിപ്പു നടത്തിയത്. കടലാസു കമ്പനികളിലൂടെയും വ്യക്തികളുടെയും പേരില്‍ എസ്.സി.ബിയുടെ 90 ശതമാനത്തിലധികം ഓഹരികള്‍ കൈക്കലാക്കുകയാണ് ലാന് ആദ്യം ചെയ്തത്. ബാങ്കുകളുടെ ഓഹരികളില്‍ അഞ്ചുശതമാനത്തിലധികം സ്വന്തമാക്കാന്‍ വ്യക്തികള്‍ക്കുള്ള വിലക്ക് മറികടക്കാനായിരുന്നു ഈ തന്ത്രം. അതിനുശേഷം സ്വന്തം കമ്പനിയായ വാന്‍ തിന് ഫാറ്റിനും അനുബന്ധ കമ്പനികള്‍ക്കും വായ്പ അനുവദിക്കാന്‍ ബാങ്ക് ഉന്നതരോടു നിര്‍ദേശിച്ചു. തട്ടിപ്പിനായി രൂപീകരിച്ച കടലാസു കമ്പനികള്‍ക്കു വന്‍തുകകള്‍ കൈമാറാനും അവര്‍ ആവശ്യപ്പെട്ടു.
2012 മുതലുള്ള 10 വര്‍ഷ കാലയളവില്‍ ലാനും സംഘവും 2,500 വായ്പകളാണു തരപ്പെടുത്തിയത്. പണം കൈക്കലാക്കാനും തട്ടിപ്പു മറയ്ക്കാനും സര്‍ക്കാരിലെ ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥര്‍ക്കു വന്‍തുക കൈക്കൂലി നല്‍കുകയും ചെയ്തു. 2019 മുതലുള്ള മൂന്നു വര്‍ഷത്തിനിടെ ശതകോടികള്‍ ഈവിധത്തില്‍ ലാനും സംഘവും കൈക്കലാക്കി.
2016-ല്‍ രാജ്യത്ത ആരംഭിച്ച അഴിമതിവിരുദ്ധ നടപടികളാണ് 2022 ഒക്ടോബറില്‍ ലാനിന്റെ അറസ്റ്റില്‍ കലാശിച്ചത്. ഇതോടെ രാജത്തെ ഞെട്ടിച്ച തട്ടിപ്പിന്റെ ചുരുളഴിഞ്ഞു. ലാനിനെതിരേ ചുമത്തിയ ബാങ്കിങ് നിയന്ത്രണച്ചട്ടങ്ങളുടെ ലംഘനം, തട്ടിപ്പ്, കൈക്കൂലി തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തി. ആറു ടണ്ണുള്ള 104 പെട്ടികളിലായാണ് പ്രതികള്‍ക്കെതിരായ തെളിവുകളടങ്ങിയ രേഖകള്‍ കോടതിയിലെത്തിച്ചത്. ഈ കേസില്‍ അകപ്പെടുംമുമ്പ് ലാന് മറ്റു കുറ്റകൃത്യങ്ങളിലൊന്നും ഉള്‍പ്പെടാതിരുന്നതിനാല്‍ പരമാവധി ശിക്ഷ ലഭിക്കില്ലെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍, കോടതിവിധി മറിച്ചായത് നിയമവൃത്തങ്ങളെയും അമ്പരപ്പിച്ചു.
അപരിഹാര്യമായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്കു വഴിവച്ചെന്നതടക്കമുള്ള കാരണങ്ങള്‍ നിരത്തിയായിരുന്നു കോടതിവിധി. പണം പിന്‍വലിക്കാന്‍ ലക്ഷ്യമിട്ട് വ്യാജ അപേക്ഷകള്‍ സമര്‍പ്പിച്ചതിന് ലാനിന്റെ ഭര്‍ത്താവും ഹോങ്കോങ്ങില്‍നിന്നുള്ള നിക്ഷേപകനുമായ എറിക് ഷു നാപ്-കി, ലാനിന്റെ കമ്പനിയുടെ സി.ഇ.ഒ ആയിരുന്ന മരുമകള്‍ ഉള്‍പ്പെടെയുള്ളവരും കേസില്‍ പ്രതികളായിരുന്നു. വിയറ്റ്നാമില്‍ 'വെള്ളക്കോളര്‍' തൊഴില്‍മേഖലയില്‍നിന്ന് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അപൂര്‍വം സ്ത്രീകളിലൊരാളാണ് ലാനെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. മാതാവിനൊപ്പം സൗന്ദര്യവര്‍ധക വസ്തുക്കള്‍ വില്‍ക്കുന്ന കൊച്ചുകടയില്നിന്നാണ് ശതകോടികള്‍ ആസ്തിയുള്ള വമ്പന്‍ വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്തതെന്ന ചരിത്രവും ലാനിനു സ്വന്തം.






