
മൃഗങ്ങളെ വേട്ടയാടുന്നത് നമ്മുടെ രാജ്യമായ ഇന്ത്യയില്‍ ശിക്ഷാര്‍ഹമാണ്. എന്നാല്‍ മറ്റുരാജ്യങ്ങള്‍ അങ്ങനെയല്ല. നിയപരമായി വേട്ടയാടല്‍ അനുവദിക്കുന്ന നിരവധി രാജ്യങ്ങളുണ്ട്. ഇവയില്‍ ഉത്തരവാദിത്വ പൂര്‍ണ്ണമായ വേട്ടയാടലിന് മാത്രം അനുമതി നല്കുന്ന രാജ്യമാണ് ഫിന്‍ലാന്റ്. വേട്ടയാടലിന് അനുമതി നല്കുന്ന മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇവിടുത്തെ നിയമങ്ങള്‍ കര്‍ശനമാണ്. അതില്‍ പ്രധാനമാണ് വേട്ടയാടുമ്പോള്‍ ഗര്‍ഭിണികളായ മൃഗങ്ങളേയോ കുഞ്ഞു മൃഗങ്ങളെയോ വേട്ടയാടാന്‍ പാടില്ല എന്നുള്ളത്.
ഫിന്‍ലാന്റില്‍ കര്‍ശനമായ നിയമങ്ങളിലൂടെ ഉത്തരവാദിത്വപൂര്‍ണമായ വേട്ടയാടല്‍ മാത്രമാണ് അനുവദനീയം. ഇവിടെ ഓരോ മൃഗത്തെയും വേട്ടയാന്‍ പ്രത്യേക സീസണുകളുണ്ട്. ആ സമയങ്ങളില്‍ മാത്രമേ അവയെ വേട്ടയാടാന്‍ പാടുള്ളൂ. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനില്‍ത്തുന്നതിനാണ് ഇത്തരത്തില്‍ ഒരു നിബന്ധന നടപ്പിലാക്കിയിട്ടുള്ളത്. കാടുകളിലെ വേനല്‍ക്കാല വസതികളുടെ 100 മീറ്റര്‍ പരിധിയിലും വാഹനങ്ങളില്‍ ഇരുന്നുകൊണ്ടും വേട്ടയാടല്‍ സാധ്യമല്ല. ഇണ ചേരുന്ന സമയങ്ങളിലും, ഗര്‍ഭിണികളായ മൃഗങ്ങളെയും, കുഞ്ഞുങ്ങളെയും, കുഞ്ഞുങ്ങളോടൊപ്പമുള്ള മൃഗങ്ങളെയും വേട്ടയാടാന്‍ അനുവാദമില്ല. വേട്ടക്കാരെ നിരീക്ഷിക്കാന്‍ കാട്ടിലുടനീളം ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
മാത്രമല്ല വേട്ടയാടിയ മൃഗത്തിന്റെ വിവരങ്ങള്‍ വനംവകുപ്പിന്റെ മൊബൈല്‍ ആപ്പില്‍ കൃത്യമായി രേഖപ്പെടുത്തണം. സമീപത്തുള്ള വേട്ടക്കാരുടെ വിവരങ്ങളും മൊബൈല്‍ ആപ് വഴി ലഭിക്കും. വേട്ടയ്ക്കിടയില് സമീപത്തുള്ള വേട്ടകാരുമായി ആശയവിനിമയം നടത്താന്‍ റേഡിയോ ഫോണുകള്‍ ഉപയോഗിക്കാം. ഓരോ വേട്ടക്കാരനും ഇന്‍ഷുറന്‍സ് എടുക്കേണ്ടത് നിര്‍ബന്ധമാണ്. കൂടാതെ വേട്ടയ്ക്ക് പ്രത്യേക വസ്ത്രങ്ങള്‍ ധരിക്കേണ്ടതുണ്ട്. മഞ്ഞുകാലത്തു പക്ഷികളെ വേട്ടയാടാന്‍ വെള്ള യൂണിഫോം ധരിക്കണം.
വേട്ടക്കാര്‍ക്ക് വനംവകുപ്പാണ് ലൈസന്‍സ് നല്‍കുന്നത്. ഇത് ലഭിക്കാന്‍ ഫിന്നിഷ് ഭാഷയിലുള്ള പരീക്ഷ മാത്രമല്ല ശാരീരിക, മാനസിക ആരോഗ്യ പരിശോധനയിലും വിജയിക്കണം. പൊലീസില്‍ അപേക്ഷ കൊടുത്ത് അവരുടെ അന്വേഷണങ്ങള്‍ക്കു ശേഷമാണ് ലൈസന്‍സ് നല്‍കുന്നത്. ലൈസന്‍സിനും ഷൂട്ടിങ് ടെസ്റ്റിലെ വിജയത്തിനും പുറമേ, വേട്ടക്കാര്‍ പ്രാദേശിക ഹണ്ടിങ് ക്ലബ്ബുകളില്‍ അംഗത്വമെടുക്കാറുണ്ട്.






