
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗ് നടക്കുന്ന മണ്ഡലങ്ങളില്‍ ഇന്ന് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയപാര്‍ട്ടികളും നിശബ്ദ പ്രചരണം നടക്കും. ഏറ്റവും കൂടുതല്‍ സീറ്റുകളിലേയ്ക്ക് നടക്കുന്ന ഏപ്രില്‍ 19 ന് 102 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. ഏറ്റവും കൂടുതല്‍ സീറ്റുകളിലേയ്ക്കും ഏറ്റവുമധികം സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്നത് ആദ്യഘട്ട തിരഞ്ഞെടുപ്പിലാണ്.
ഇന്നലെ ഇവിടെ ശബ്ദപ്രചരണങ്ങള് അവസാനിച്ചിരുന്നു. ഇതിനൊപ്പം രണ്ടു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പും നടക്കും. 39 സീറ്റുകളുള്ള തമിഴ്നാട്ടിലും അഞ്ച് സീറ്റുള്ള ഉത്തരാഖണ്ഡിലും നാളെ ഒറ്റ ഘട്ടമായി വോട്ടെടുപ്പ് പൂര്‍ത്തിയാകും. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശിലും സിക്കിമിലുമാണ്.
എട്ട് കേന്ദ്ര മന്ത്രിമാര്‍ രണ്ട് മുന്‍ മുഖ്യമന്ത്രിമാര്‍ ഒരു മുന്‍ ഗവര്‍ണര്‍ എന്നിവരടക്കം 1625 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. ഏപ്രില്‍ 19-ന് ആരംഭിച്ച് ജൂണ്‍ ഒന്ന് വരെയുള്ള 44 ദിവസങ്ങള്‍ നീളുന്ന ദൈര്‍ഘ്യമേറിയ തിരഞ്ഞെടുപ്പ് പ്രക്രിയക്കാണ് നാളെ തുടക്കമാകുന്നത്. രാജ്യത്തെ ആകെയുള്ള 543 ലോക്സഭാ സീറ്റുകളിലേയ്ക്ക് ഏഴുഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക.
ഇത്തവണ 400 സീറ്റുകള്‍ നേടി അധികാരത്തില്‍ എത്താമെന്ന പ്രതീക്ഷയിലാണ് ബിജെപി നയിക്കുന്ന എന്‍ഡിഎ. ഇതിനൊപ്പം തമിഴ്നാട്ടിലും രാഷ്ട്രീയമാറ്റം ഉണ്ടാക്കാമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. ഇന്‍ഡ്യാ സഖ്യവുമായി ബിജെപിയെ താഴെയിറക്കാമെന്നാണ് പ്രതിപക്ഷ കക്ഷികളുടെ പ്രതീക്ഷ. പരസ്യപ്രചരണം അവസാനിച്ചതിനാല്‍ ഇന്ന് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും നിശബ്ദ പ്രചാരണം നടത്തും. പോളിംഗ്, സുരക്ഷാ ഉദ്യോഗസ്ഥരെ കൂട്ടാതെ 127 നിരീക്ഷകര്‍, 67 പൊലീസ് നിരീക്ഷകരെയും ചെലവ് നിരീക്ഷിക്കാന്‍ 167 പേരെയുമാണ് നിയോഗിച്ചിട്ടുണ്ട്.






